മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ "അക്ഷരം 2024" അധ്യാപക-വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

  • 30/10/2024

കുവൈറ്റ് സിറ്റി: മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ "അക്ഷരം 2024" അധ്യാപക-വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പ്രശസ്ത കവിയും, മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കുട്ടികളുടേയും, അധ്യാപകരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകിയും, കവിതകൾ ആലപിച്ചു കൊണ്ടും അദ്ദേഹം നടത്തിയ പ്രസംഗം സദസ്സിന്റെ ഹൃദയം കീഴടക്കി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ വെച്ച് നടന്ന പരിപാടിയിൽ മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പ്രസിഡന്റ് സനൽകുമാർ അധ്യക്ഷത വഹിച്ചു. ലോക കേരളസഭാഗം ആർ.നാഗനാഥൻ, ചാപ്റ്റർ ഉപദേശക സമിതി ചെയർമാൻ പ്രൊഫ:വി. അനിൽകുമാർ, ചാപ്റ്റർ ചെയർമാൻ ജ്യോതിദാസ്, വൈസ് പ്രസിഡന്റ് ബോബൻ ജോർജ്ജ്, മേഖലകളെ പ്രതിനിധീകരിച്ച് സജി തോമസ് മാത്യു (ജനറൽ സെക്രട്ടറി, കല കുവൈറ്റ്), ജോർജ്ജ് ജോസഫ് (ജനറൽ സെക്രട്ടറി, SMCA), ജയൻ സദാശിവൻ (ജനറൽ സെക്രട്ടറി, സാരഥി കുവൈറ്റ്), ലിജീഷ് പറയത്ത് (പ്രസിഡന്റ്, FOKE), ജെയ്സൺ മേലേടം (KKCA അക്ഷരദീപം ഹെഡ് മാസ്റ്റർ), സക്കീർ പുതുനഗരം (PALPAK), അനീഷ് ശിവൻ (NSS കുവൈറ്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ചാപ്റ്ററിനു കീഴിലുള്ള ഏഴ് മേഖലകളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച മുരുകൻ കാട്ടാക്കടയുടെ കവിതകളോടെയായിരുന്നു പരിപാടി ആരംഭിച്ചത്. കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിച്ച പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ ചാപ്റ്റർ തല മത്സര വിജയികൾക്കുള്ള സമ്മാനദാനവും മുഖ്യാതിഥി നിർവ്വഹിച്ചു. അധ്യാപകരും, വിദ്യാർത്ഥികളും, ഭാഷാ സ്നേഹികളും ഉൾപ്പടെ 100 കണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിന് മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ജെ.സജി സ്വാഗതവും, ജോ സെക്രട്ടറി ജിതിൻ പ്രകാശ് നന്ദിയും രേഖപ്പെടുത്തി.

Related News