രണ്ടാം ഭാര്യയുടെ മകൻ ശല്യക്കാരൻ, ഏഴ് വയസുകാരനെ 4 ലക്ഷം രൂപയ്ക്ക് വിറ്റ് രണ്ടാനച്ഛൻ, 4 പേര്‍ പിടിയില്‍

  • 24/01/2025

ആദ്യ വിവാഹത്തിലെ കുട്ടികളുമായി രണ്ടാം ഭാര്യയുടെ മകൻ സ്ഥിരം കലഹം. ഏഴ് വയസുകാരനെ 4 ലക്ഷം രൂപയ്ക്ക് വിറ്റ് രണ്ടാനച്ഛൻ. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. ഹക്കേരി താലൂക്കിലെ സുല്‍ത്താൻപൂർ സ്വദേശിയായ ഏഴ് വയസുകാരനെയാണ് രണ്ടാനച്ഛൻ വീട്ടിലെ കലഹം ഒഴിവാക്കാനായി വിറ്റത്. സംഭവത്തില്‍ രണ്ടാനച്ഛൻ അടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഏഴ് വയസുകാരന്റെ രണ്ടാനച്ഛനായ സദാശിവ് ശിവബസപ്പ മഗ്ദൂം(32), ഭാഡ്ഗോണ്‍ സ്വദേശിനിയായ 38കാരി ലക്ഷ്മി ബാബു ഗോല്‍ഭാവി, കോലാപൂർ സ്വദേശിനിയായ സംഗീത വിഷ്ണു സാവന്ത്, കാർവാർ സ്വദേശിയായ അനസൂയ ഗിരിമല്ലപ്പ ഡോഡ്മണി എന്നിവരാണ് അറസ്റ്റിലായത്. ബെലഗാവി നഗരത്തില്‍ താമസിക്കുന്ന ദില്‍ഷാദ് സിക്കൻദർ എന്നയാള്‍ക്കാണ് ഇവർ കുട്ടിയെ വിറ്റത്. രണ്ട് പെണ്‍മക്കളുള്ള ദില്‍ഷാദിനെ അനാഥക്കുട്ടി എന്നു പറഞ്ഞാണ് സംഘം വിറ്റത്.

ഏഴ് വയസുകാരന്റെ അമ്മ സംഗീത ഗുഡപ്പ കമ്മാറിനെ നാല് മാസം മുൻപാണ് 32കാരൻ വിവാഹം ചെയ്തത്. ആദ്യ വിവാഹത്തില്‍ 32കാരനുള്ള കുട്ടികളും സംഗീതയുടെ ആദ്യ വിവാഹത്തിലുള്ള ഏഴു വയസുകാരനും തമ്മില്‍ കലഹം പതിവായിരുന്നു. ഇതോടെയാണ് ശല്യമൊഴിവാക്കാനായി 32കാരൻ കുട്ടിയെ ചില സഹായികളുടെ സഹാത്തോടെ വിറ്റത്. 

Related News