നവജാത ശിശുക്കളെ കടത്തിയാല്‍ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കണം: കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശവുമായി സുപ്രീം കോടതി

  • 15/04/2025

നവജാത ശിശുക്കളെ ആശുപത്രികളില്‍ നിന്നും കടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീംകോടതി. കുട്ടികളെ കടത്തുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും അലഹാബാദ് ഹൈക്കോടതിയെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സംസ്ഥാനങ്ങള്‍ പാലിക്കേണ്ട കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു. 

നവജാത ശിശുക്കളെ കടത്തിയാല്‍ ആശുപത്രികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ അധികൃതര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരം കേസുകളില്‍ ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കീഴ്‌ക്കോടതികളോട് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കുട്ടികളെ കടത്തുന്ന കേസുകളില്‍ തീര്‍പ്പാക്കാത്ത വിചാരണയുടെ സ്ഥിതി അറിയിക്കാന്‍ രാജ്യത്തെ ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ കേസുകളില്‍ ദിനംപ്രതി വിചാരണ നടത്തി ഉടന്‍ തീര്‍പ്പാക്കണം. ഇതിനായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ആണ്‍കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ച ദമ്ബതികള്‍ക്കായി, നവജാതശിശുവിനെ കടത്തിയെന്ന കേസ് പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ നിര്‍ദേശം. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

Related News