പ്രവാസി ക്ഷേമ പെൻഷൻ - വരിസംഖ്യ കുടിശ്ശികക്കാരുടെ അംഗത്വം റദ്ദാക്കൽ; കേരള സർക്കാരിനും പ്രവാസി ക്ഷേമ ബോർഡിനും ഹൈക്കോടതി നോട്ടീസ്

  • 20/04/2025



കുവൈറ്റ് സിറ്റി: 62 വയസ്സ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമനിധി അംഗത്വം "കേരള പ്രവാസി ക്ഷേമപദ്ധതി, 2009"-ന്റെ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഏകപക്ഷീയമായി റദ്ദാക്കുന്ന പ്രവാസി ക്ഷേമ ബോർഡിന്റെ തീരുമാനത്തിനെതിരെ പ്രവാസി ലീഗൽ സെല്ലിന്റെ നിയമ പിന്തുണയോടെ ഹൈക്കോടതിയെ സമീപിച്ച നന്ദഗോപകുമാറിന്റെ റിട്ട് പെറ്റിഷൻ ഹൈക്കോടതി ഫയലിൽ സ്വീകരിച്ച് എതിർകക്ഷികളായ കേരള സർക്കാർ- നോർക്ക വകുപ്പിനും കേരള ക്ഷേമനിധി ബോർഡിനും നോട്ടീസ് അയക്കാൻ ഉത്തരവായി ബഹു. കേരള ഹൈക്കോടതി ജസ്റ്റീസ് സി എസ് ഡയസ്സിന്റെ ബെഞ്ചാണ് ഉത്തരവിട്ടത്. കേസ് അവധിക്കുശേഷം ജൂൺ 13-ന് വീണ്ടും പരിഗണിക്കും. 

2009 -ലെ കേരള പ്രവാസി ക്ഷേമപദ്ധതി വകുപ്പ് 21 പ്രകാരം വരിസംഖ്യ കുടിശ്ശിക വരുത്തി പദ്ധതി അംഗത്വം നഷ്ടപ്പെടുന്ന പ്രവാസി, മുടക്കം വരാനുള്ള കാരണങ്ങൾ യുക്തിസഹമായി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യു്ട്ടീവ് ഓഫീസറെ ബോധ്യപ്പെടുത്തിയാൽ അംഗത്വം വീണ്ടെടുക്കാമെന്ന വ്യവസ്ഥയുണ്ട്. എന്നാൽ ഈ വ്യവസ്ഥ അവഗണിച്ചുകൊണ്ട് 62 വയസ്സ് പിന്നിട്ട ആർക്കും അംഗത്വം വീണ്ടും നൽകേണ്ടെന്ന 34-ാമത് ബോർഡ് മീറ്റിംഗിലെ 17-ാം നമ്പർ പ്രമേയത്തിലെ തീരുമാനത്തെയാണ് ഹർജി ചോദ്യം ചെയ്യുന്നത്. ബോർഡിന്റെ ഈ തീരുമാനത്തിനെതിരെ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയെയും ക്ഷേമനിധി സി ഇ ഓ യെയും നേരിട്ട്കണ്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകിയെങ്കിലും തീരുമാനം മാറ്റാൻ ബോർഡോ സർക്കാരോ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ പ്രവാസി ലീഗൽ സെൽ തീരുമാനിച്ചത്.

വിവരാവകാശ നിയമപ്രകാരം ബോർഡിൽ നിന്നും ലഭിച്ച രേഖകൾ പ്രകാരം കഴിഞ്ഞ 5 വർഷത്തിനിടയിൽ 18,808 പ്രവാസികൾക്കാണ് വിവിധ കാരണങ്ങളാൽ ക്ഷേമനിധി അംഗത്വം നഷ്ടപ്പെട്ട് പെൻഷനുള്ള അവകാശം നഷ്ടമായത്. ഇതിൽ 282 പേർ 62 വയസ്സ് കഴിഞ്ഞ പ്രവാസികളാണ്. കോടതി ഉത്തരവ് അനുകൂലമായാൽ ക്ഷേമ ബോർഡിന്റെ ചട്ടവിരുദ്ധമായ തീരുമാനപ്രകാരം അംഗത്വം നഷ്ടപ്പെട്ട നൂറുകണക്കിന് പ്രവാസികൾക്ക് അംഗത്വം പുനഃസ്ഥാപിച്ച് കിട്ടാനുള്ള സാഹചര്യമുണ്ടാകും. 

ചുരുങ്ങിയത് 5 വർഷമെങ്കിലും തുടർച്ചയായി വരിസംഖ്യ അടക്കുന്ന പ്രവാസികൾക്കും മടങ്ങിവന്ന പ്രവാസികൾക്കും 60 വയസ്സ് ആകുന്ന മുറക്ക് പ്രതിമാസം 3500 രൂപയും 3000 രൂപയും നിരക്കിലാണ് ഇപ്പോൾ പെൻഷൻ നൽകിവരുന്നത്. ഇത് വലിയ സാമ്പത്തികബാധ്യതയാണ് സർക്കാരിന് ഉണ്ടാക്കിവക്കുന്നതെന്ന് പ്രത്യക്ഷമായിത്തന്നെ ക്ഷേമബോർഡ് ആരോപണമുന്നയിക്കുന്നുണ്ട്.. അതുകൊണ്ട് പരമാവധി പ്രവാസികളെ ചെറിയ പിശകുകൾ പോലും ചൂണ്ടിക്കാണിച്ച് ക്ഷേമനിധി പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിൽ നിന്നും ഒഴിവാക്കുന്ന സമീപനമാണ് ഇപ്പോൾ ബോർഡ് കൈക്കൊണ്ടുവരുന്നത്. 

പ്രവാസികൾക്കു അടിയന്തിര ധനസഹായം നൽകുന്നതിന് ഒരു പ്രത്യേക നിധി സമാഹരിക്കണമെന്ന് 2008-ലെ പ്രവാസി ക്ഷേമനിധി നിയമത്തിൽ വ്യവസ്ഥയുണ്ടെങ്കിലും നാളിതുവരെ അത്തരമൊരു നിധി സമാഹരിക്കാൻ ബോർഡ് തയ്യാറായിട്ടില്ല. സർക്കാരിന്റെ ബഡ്ജറ്റ് വിഹിതവും നോർക്ക റൂട്സ് സേവനങ്ങൾക്ക് അധിക സെസ്സ് ഏർപ്പെടുത്തിയും സമ്പന്നരായ പ്രവാസികളിൽനിന്നുള്ള സംഭാവനകളും ഉൾപ്പെടുത്തി നിധി ഉണ്ടാക്കിയാൽ അത് പ്രവാസികൾക്ക് മുടക്കമില്ലാതെ പെൻഷൻ ആനുകൂല്യങ്ങളും അടിയന്തിര ധനാസയായങ്ങളും നൽകാൻ ബോർഡിനാകും. ഈ വിഷയം നിവേദനവുമായി പ്രവാസി ലീഗൽ സെൽ സർക്കാരിന് നൽകിയെങ്കിലും നാളിതുവരെ അത്തരമൊരു നീക്കം നടത്താൻ സർക്കാരോ ബോർഡോ തയ്യാറായിട്ടില്ല.

ഹർജിക്കാർക്കുവേണ്ടി അഭിഭാഷകരായ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട് ജോസ് അബ്രഹാം, മനാസ് പി ഹമീദ്, ആർ. മുരളീധരൻ, വിമൽ വിജയ്, റെബിൻ വിൻസന്റ് എന്നിവർ കോടതിയിൽ ഹാജരായി. കോടതി ഇടപെടൽ വഴി ഇനിയെങ്കിലും പ്രവാസികൾക്ക് അർഹമായ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.



Related News