ഖത്തറിലേയ്ക്ക് എത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജ് നീട്ടി

  • 14/10/2020

ദോഹ; ഖത്തറിലേയ്ക്ക് എത്തുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജ് ഡിസംബര്‍ 31 വരെ നീട്ടി. വിദേശങ്ങളില്‍ നിന്നെത്തുന്ന ഖത്തർ പൗരന്മാര്‍, പ്രവാസി താമസക്കാര്‍ തുടങ്ങി തൊഴില്‍ വിസയുള്ളവര്‍ ഉള്‍പ്പെടെ രാജ്യത്തേക്ക് എത്തുന്ന എല്ലാവരും ഏഴ് ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണമെന്നാണ് നിർദ്ദേശം. 2020 ഡിസംബര്‍ 31 വരെ ഹോട്ടല്‍ ക്വാറന്റൈന്‍ പാക്കേജ് നീട്ടിയതായി ഖത്തര്‍ എയര്‍വേയ്സിന്റെ ഡെസ്റ്റിനേഷന്‍ മാനേജ്മെന്റ് ഡിവിഷന്‍ ആയ ഡിസ്‌കവര്‍ ഖത്തറിന്റെ വെബ്സൈറ്റിലാണ് വ്യക്തമാക്കിയിരിക്കുന്നത്. 


നേരത്തെ ഒക്ടോബര്‍ 31 വരെയായിരുന്നതാണ് ഡിസംബറിലേയ്ക്ക് നീട്ടിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ രാജ്യത്തേക്ക് പ്രവേശിക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ വ്യവസ്ഥ തുടരുമെന്ന് ദുരന്തനിവാരണ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് 19 വ്യാപനം കൂടിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. ഡിസ്‌കവര്‍ ഖത്തര്‍ മുഖേന മാത്രമേ ഹോട്ടല്‍ ബുക്കിങ് അനുവദിക്കൂ. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമാണ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി. ഖത്തര്‍ പോര്‍ട്ടല്‍ മുഖേന പെര്‍മിറ്റിനായി അപേക്ഷ നല്‍കണം.

Related News