വിമാനത്തില്‍ നവജാത ശിശു; സ്ത്രീകളെ നഗ്നരാക്കി പരിശോധിച്ചു; ഖത്തര്‍ എയര്‍പോര്‍ട്ട് വിവാദത്തില്‍

  • 26/10/2020

സ്ത്രീകളെ നഗ്നരാക്കി പരിശോധന നടത്തി ഖത്തര്‍ വിമാനത്താവളം വിവാദത്തില്‍. നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്ത്രീകളെ നഗ്നരാക്കി അധികൃതര്‍ പരിശോധന നടത്തിയത്. ഒക്ടോബര്‍ രണ്ടിന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഖത്തറില്‍ നിന്നും സിഡ്‌നിയിലേക്ക് പോകുന്ന വിമാനത്തില്‍ ഉണ്ടായിരുന്നു 13 ഓസ്‌ട്രേലിയന്‍ വനിതാ യാത്രക്കാരെയാണ് നഗ്നരാക്കി പരിശോധന നടത്തിയത്. 

വനിതാ യാത്രക്കാരുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം പരിശോധന നടത്തിയതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തിനാണ് തങ്ങളെ പരിശോധിക്കുന്നത് എന്നുപോലും അധികൃതര്‍ പറയാന്‍ തയ്യാറായില്ലെന്ന് യാത്രക്കാരും പറയുന്നു. സംഭവം വിവാദമായതോടെ  വിമാനത്താവളം അധികൃതര്‍ ഇതില്‍ വിശദീകരണവുമായി രംഗത്തെത്തി. 

സ്ത്രീകളെ നഗ്നരാക്കി പരിശോധിച്ച സംഭവത്തെ അധികൃതര്‍ നിഷേധിച്ചില്ല. എന്നാല്‍ വിമാനത്താവളത്തില്‍ നവജാത ശിശുവിനെ കണ്ടെത്തിയെന്നും കുഞ്ഞിന്റെ ആരോഗ്യത്തെക്കുറിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ ആശങ്ക അറിയിച്ചതിനാല്‍ അമ്മയെ കണ്ടെത്താനാണ് ഇത്തരത്തില്‍ പരിശോധന നടത്തിയത് എന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. കുഞ്ഞിന്റെ അമ്മയെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചില്ല എന്നും അധികൃതര്‍ പറഞ്ഞു.

Related News