ഹയ്യ കാർഡിൽ ഖത്തറിലേക്ക് വരാനുള്ള ഇളവിൽ കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും

  • 18/02/2023



ദോഹ : ഇന്റർനാഷണൽ ഹയ്യ കാർഡിൽ വീണ്ടും ഖത്തർ സന്ദർശിക്കാൻ മന്ത്രാലയം നൽകിയ ഇളവിൽ ഉടൻ നിയന്ത്രണം വന്നേക്കുമെന്ന് സൂചന. ഫിഫ ലോകകപ്പിനായി ഖത്തർ സന്ദർശിച്ച രാജ്യത്തിന് പുറത്തു നിന്നുള്ള ഹയ്യ കാർഡ് ഉടമകൾക്ക് മൂന്ന് പേരെ വരെ ഖത്തറിലേക്ക് കൊണ്ട് വരാൻ നൽകിയ ആനുകൂല്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.

ഹയ്യ വിത്ത് മി' ഹയ്യ കാർഡ് ഉടമകൾക്ക് മൂന്ന് കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ വരെ ഖത്തറിലേക്ക് കൊണ്ടുവരാനാണ് അധികൃതർ വീണ്ടും അനുമതി നൽകിയിരുന്നത്. 2024 ജനുവരി 24 വരെയുള്ള കാലയളവിൽ നിരവധി തവണ രാജ്യം സന്ദർശിക്കാനുള്ള മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് ആണ് ഇങ്ങനെ അനുവദിക്കുന്നത്. 

യാത്ര തിരിക്കുന്നതിന് മുമ്പ് ഇൻഷുറൻസ് പോളിസി എടുത്തിരിക്കണമെന്നും നിബന്ധനയുണ്ട്. പ്രതിമാസം 50 റിയാൽ വീതം ഒരു വർഷത്തെ ജനുവരി 24 വരെയുള്ള മുഴുവൻ കാലയളവിലേക്കും ഇൻഷുറൻസ് പോളിസി എടുത്തിരിക്കണം. ഇതോടൊപ്പം ഖത്തറിലെത്തിയാൽ ആർക്കൊപ്പമാണോ താമസിക്കുന്നത് അയാൾക്കും ഹയ്യ കാർഡ് ഉണ്ടായിരിക്കണം. ഇങ്ങനെ ഖത്തറിൽ എത്തുന്നവർ ജോലി ചെയ്യാൻ പാടില്ലെന്നും കർശന വ്യവസ്ഥയുണ്ട്.

അതേസമയം, ഒരു വർഷം വരെ ഖത്തറിൽ നിൽക്കാൻ അനുമതിയുള്ളതിനാൽ നാട്ടിലെ ചില ട്രാവൽ ഏജൻസികൾ ഉൾപെടെ ഈ ആനുകൂല്യം ഉപയോഗിച്ച് വലിയ തോതിൽ ആളുകളെ ഖത്തറിലേക്ക് അയക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഖത്തറിലെ ചില സ്ഥാപനങ്ങളും വ്യക്തികളും കരാർ വ്യവസ്ഥയിൽ കേരളത്തിൽ നിന്നും ജോലിക്കായി ആളുകളെ കൊണ്ടുവരുന്നതായും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. 

ഗുരുതരമായ ഇത്തരം നിയമ ലംഘനങ്ങളെ തുടർന്നാണ് ഏറെ പേർക്ക് സഹായകരാമാവുന്ന പദ്ധതി നിർത്തലാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയന്ത്രണങ്ങളും വ്യവസ്ഥകളും കൊണ്ടുവരാൻ അധികൃതർ നീക്കം നടത്തുന്നതെന്നാണ് സൂചന.ഹയ്യ കാർഡിൽ ആളുകൾ വരാൻ തുടങ്ങിയതോടെ കേരളത്തിൽ നിന്നും ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കും കുത്തനെ കൂടിയിട്ടുണ്ട്.

Related News