അൽ ഹദ്ദാദിനെ ഉടൻ വിട്ടയക്കണമെന്ന് ഖത്തറിനോട് ബഹ്റൈൻ

  • 11/01/2021

മനാമ;  സുഹൃത്തുക്കള്‍ക്കൊപ്പം മത്സ്യബന്ധന ബോട്ടില്‍ കടലില്‍ പോയ ബഹ്‌റൈനിലെ ബോഡി ബില്‍ഡിങ് ചാമ്പ്യനായ സമി അല്‍ ഹദ്ദാദിനെ അറസ്റ്റ് ചെയ്ത ഖത്തറിനെതിരെ ബഹ്റൈൻ.  അല്‍ ഹദ്ദാദിനെയും അദ്ദേഹത്തിനൊപ്പം അറസ്റ്റ് ചെയ്ത മറ്റുള്ളവരെയും ഉടന്‍ മോചിപ്പിക്കണമെന്ന് ബഹ്റൈൻ ആവശ്യപ്പെട്ടു.   ഖത്തരി തീരസംരക്ഷണ സേനയുടെ നീക്കത്തിനെതിരെ ശക്തമായി അപലപിച്ച് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം രം​ഗത്തെത്തിയിട്ടുണ്ട്.  മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് ഖത്തരി തീരസംരക്ഷണ സേന ആക്രമിക്കുന്നതും അന്യായമായി അറസ്റ്റ് ചെയ്യുന്നതും അവസാനിപ്പിക്കണമെന്നും ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.    ബഹ്‌റൈന്റെ ജലാതിര്‍ത്തിക്കുള്ളില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് ബഹ്‌റൈന്റെ ആരോപണം. 

മത്സ്യബന്ധനത്തിനായി പോയ അല്‍ ഹദ്ദാദിനെ ഖത്തര്‍ അറസ്റ്റ് ചെയ്തതായി ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ മാധ്യമ ഉപദേഷ്ടാവ് നബീല്‍ അല്‍ ഹമര്‍ ശനിയാഴ്ച അറിയിച്ചിരുന്നു. സൗദിയിലെ അല്‍ ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ ഒപ്പുവച്ച ഗള്‍ഫ് സമാധാന കരാറിന്റെ വ്യക്തമായ ലംഘനമാണ് ഇതെന്നും ബഹ്‌റൈനി നാവികര്‍ക്കെതിരായ ഖത്തറിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് ഇതെന്നും അല്‍ ഹമര്‍ ട്വിറ്ററിലൂടെ പറഞ്ഞു

Related News