ഉഭയകക്ഷി ചർച്ചയ്ക്ക് ഖത്തറിനെ മനാമയിലേക്ക് ക്ഷണിച്ച് ബഹ്‌റൈൻ

  • 12/01/2021





മനാമ: രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായി ഖത്തറിനെ ചർച്ചയ്ക്ക് ക്ഷണിച്ച് ബഹ്‌റൈൻ. ഉഭയകക്ഷി സഹകരണം ഉറപ്പാക്കാനുമാണ് ഖത്തറിനെ മനാമയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഉടൻ തന്നെ ഔദ്യോഗിക പ്രതിനിധി സംഘത്തെ അയയ്ക്കണമെന്ന്  ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയിലെ ശർഖ് അൽ ഔസത്ത് പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ജിസിസി രാജ്യങ്ങൾക്കിടയിലെ ഭിന്നതകൾ പരിഹരിക്കുന്നതിനായി ജനുവരി അഞ്ചിന് നടന്ന സൗദിയിലെ അൽ ഉലയിൽ ചേർന്ന ജിസിസി ഉച്ചകോടിയിൽ എല്ലാ അംഗരാജ്യങ്ങളും കരാറിൽ  ഒപ്പുവെച്ചിരുന്നു. ഇതിനു പിന്നാലെ ഭിന്നതകൾ പരിഹരിക്കുന്നതിനുള്ള കരാർ നടപ്പിലാക്കുന്നതിന് കുറിച്ച് ചർച്ച ചെയ്യാനും തുടർനടപടികൾ സ്വീകരിക്കുന്നതിനും പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉഭയകക്ഷി ചർച്ചകൾക്കായി ബഹ്‌റൈൻ ഖത്തർ പ്രതിനിധി സംഘത്തെ മനാമയിലേക്ക് ക്ഷണിച്ചത്.

അൽ ഉലാ പ്രഖ്യാപനത്തിനു പിന്നാലെ സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധം പിൻവലിച്ചിരുന്നു.എന്നാൽ സമുദ്രാതിർത്തി ലംഘിച്ച ബഹ്‌റൈൻ മൽസ്യ തൊഴിലാളികളെ ഖത്തർ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഗൾഫ് ഉച്ചകോടിക്ക് ശേഷവും  ഇരു രാജ്യങ്ങൾക്കിടയിൽ തർക്കങ്ങൾ തുടരുകയാണ്.

Related News