കേരളത്തിൽ നിന്ന് ബഹ്​റൈനിലേക്കുള്ള യാത്രയ്ക്ക് ഉയർന്ന വിമാനനിരക്ക് ; അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി

  • 17/10/2020

 മനാമ ; കേരളത്തിൽ നിന്ന് ബഹ്​റൈനിലേക്കുള്ള യാ​ത്രയ്ക്ക് ഉയർന്ന വിമാനനിരക്ക് കുറയ്ക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എം.കെ. രാഘവൻ എം.പി. ഇക്കാര്യം ആവശ്യപ്പെട്ട്  കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ്​ പുരിക്ക്  കത്തയച്ചു. കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങേണ്ടിവന്നവർക്ക് അമിതമായ ടിക്കറ്റ് നിരക്ക് കാരണം തിരിച്ചുപോകാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് മന്ത്രിയെ അറിയിച്ചു. യഥാസമയം മടങ്ങാൻ സാധിക്കാത്തവരുടെ ജോലിപോലും നഷ്​ടമാകുന്നുണ്ട്.

സാധാരണക്കാരായ പ്രവാസികൾ ജോലി നഷ്​ടമാകാതിരിക്കാൻ വായ്​പയെടുത്ത് ടിക്കറ്റ് നിരക്ക് കണ്ടെത്തുന്ന അവസ്ഥയാണുള്ളത്. വിസ കാലാവധി അവസാനിക്കാറായ പ്രവാസികളുടെ സ്ഥിതിയും സമാനമാണ്. അതോടൊപ്പം കുവൈത്ത്​, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് ഇന്ത്യയിൽനിന്ന്​ നേരിട്ട് വിമാന സർവ്വീസുകളില്ലാത്തതിനാൽ യാത്രക്കാർ മറ്റ് രാജ്യങ്ങളിലെത്തി അവിടെനിന്ന്​ പോകേണ്ട അവസ്ഥയുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു. അതേസമയം, വിസ കാലാവധി തീരാറായവരടക്കം നിരവധി പ്രവാസികളാണ് നാട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. പലരുടെയും, വിസ തീര്‍ന്നതായാണ് അറിയുന്നത്. നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതും യാത്ര സംബന്ധമായ പ്രശ്‌നങ്ങളിനാലാണ്. അവധിക്കു പോയവര്‍ നാട്ടില്‍ ദൈനംദിന ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുമ്പോഴാണ് ടിക്കറ്റ് നിരക്കിലുള്ള വിമാനക്കമ്പനികളുടെ ഈ ക്രൂരത.

Related News