കൊറോണ വാക്‌സിനേഷൻ എടുക്കാത്ത അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ സ്‌കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ല; ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം

  • 04/03/2021

ദോഹ:  കോവിഡ് -19 വാക്സിനേഷൻ എടുക്കാത്ത അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ മാർച്ച് 21 മുതൽ സ്‌കൂളുകളിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സ്കൂൾ ജീവനക്കാരോട് എത്രയും വേഗം നിർദിഷ്ട തിയതിക്ക് മുമ്പായി വാക്സിൻ എടുക്കാൻ നിർദേശം നൽകണമെന്ന് സ്കൂൾ അധികൃതരോട് മന്ത്രാലയം അഭ്യർത്ഥിച്ചു.

ജീവനക്കാർ വാക്സിൻ ചെയ്ത രേഖകളായി ഇഹ്തിറാസ് ആപ്പിൽ ഗോൾഡൻ നിറമാറ്റവും സ്റ്റാമ്പും കാണിക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് -19 പരിശോധന നടത്തിയെന്നതിനഉള്ള രേഖ തെളിവായി ഹാജരാക്കണം. വാക്സിനേഷൻ ചെയ്ത രേഖയുടെ അഭാവത്തിൽ ഏതെങ്കിലും ജീവനക്കാരൻ കോവിഡ് പോസിറ്റീവ് ആയാൽ അവർക്ക് ശമ്പളം ഉണ്ടാവില്ല. 

അത്തരം ജീവനക്കാർക്ക് ക്വാറൻ്റൈൻ കാലയളവിലെയും അവധി ദിവസങ്ങളിലെയും വേതനമാണ്  നഷ്ടമാവുക. വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ചാണ് പുതിയ തീരുമാനമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (ക്യുഎൻ‌സി‌സി) അധ്യാപകർക്കും മറ്റ് സ്കൂൾ ജീവനക്കാർക്കും മാത്രമായി വാക്സിൻ സ്വീകരിക്കാനുള്ള കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.

Related News