ഖത്തറിൽ പൂനെ സർവകലാശാല ക്യാമ്പസ് സെപ്തംബറിൽ ആരംഭിക്കും

  • 08/03/2021


ദോഹ: ഇന്ത്യൻ സർവ്വകലാശാലയായ പൂനെയിലെ സാവിത്രി ഭായ് ഫൂലെ സർവ്വകലാശാലയുടെ പ്രാദേശിക ക്യാമ്പസ് സെപ്തംബറിൽ ഖത്തറിൽ ആരംഭിക്കും. അബൂഹമൂറിലെ ബർവയിലാണ് ക്യാമ്പസ് ആരംഭിക്കുക. തുടക്കത്തിൽ അഞ്ച് കോഴ്‌സുകളാണ് സർവകലാശാല വാഗ്ദാനം ചെയ്യുന്നതെന്നും ഖത്തർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ഡോ. ഖാലിദ് അബ്ദുല്ല അൽ അലി വ്യക്തമാക്കി.

യൂണിവേഴ്സിറ്റിയുടെ ഖത്തർ ക്യാമ്ബസിൽ എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി പ്രോഗ്രാമുകളാണ് പ്രധാനമായും ഉണ്ടാവുകയെന്ന് പ്രാദേശിക ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. പൂനെ സർവകലാശാലാ ക്യാമ്പസ് കഴിഞ്ഞ വർഷം സെപ്തംബറിൽ ആരംഭിക്കാനിരുന്നതായിരുന്നു. എന്നാൽ കൊറോണ മഹാമാരി കാരണം പദ്ധതി വൈകുകയായിരുന്നു.

പൂനെ സർവകലാശാലയുടെ ക്യാമ്പസ് ആരംഭിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം പൂർത്തീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പഞ്ചവത്സര പദ്ധതി പ്രകാരം രാജ്യത്തെ വിദ്യാർഥികൾക്ക് കൂടുതൽ തെരഞ്ഞെടുപ്പ് സാധ്യതകൾ നൽകുന്നതിനായി മൂന്ന് സ്വകാര്യ സർവകലാശാലകൾ കൂടി ഖത്തറിൽ തുറക്കും. വിവിധ സാമ്പത്തിക ശേഷിയുള്ളവരെ പരിഗണിച്ച്‌ വ്യത്യസ്ത കോഴ്‌സുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related News