ബഹ്​റൈൻ കിരീടാവകാശിയുമായി ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസഫലി കൂടിക്കാഴ്​ച നടത്തി

  • 08/03/2021

മനാമ: ലുലു ഗ്രൂപ്പ്​ ഇൻറർനാഷനൽ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ എം.എ. യുസഫലി ബഹ്​റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുമായി കുടിക്കാഴ്​ച നടത്തി. നിലവിലെ ദേശീയ വിഭവങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തി പുതിയ വളർച്ചാ സാധ്യതകൾ സൃഷ്​ടിക്കണമെന്ന്​ റിഫ പാലസിൽ നടന്ന കൂടിക്കാഴ്​ചയിൽ കിരീടാവകാശി പറഞ്ഞു.

രാജ്യത്തി​​ന്റെ സാമ്പത്തിക വ്യവസ്​ഥയിൽ സ്വകാര്യ മേഖലയുടെയും റീട്ടയിൽ, ഹോൾസെയിൽ വ്യവസായ സ്​ഥാപനങ്ങളുടെയും പങ്ക്​ വലുതാണ്​. കോവിഡ്​ -19 വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളിലും സ്വകാര്യ മേഖല നിർണായക പങ്കുവഹിച്ചു. ദീർഘ കാലാടിസ്​ഥാനത്തിലെ വികസനം ഉറപ്പാക്കാൻ​ ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള സാമ്പത്തിക നടപടികൾക്കാണ്​ രാജ്യം ഊന്നൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വളർച്ചയെ മുന്നോട്ട്​ നയിക്കുന്നതിൽ കിരീടാവകാശിയുടെ നേതൃത്വം വഹിക്കുന്ന പങ്ക്​ പ്രശംസനീയമാണെന്ന്​ എം.എ യുസഫലി പറഞ്ഞു. ധനകാര്യ മന്ത്രി ശൈഖ്​ സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും കൂടിക്കാഴ്​ചയിൽ സന്നിഹിതനായി.

Related News