ആരോഗ്യകേന്ദ്രങ്ങളിലും ഡ്രൈവ് ത്രൂ പോയിന്റിലും കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് ലഭിക്കും; അറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം

  • 09/03/2021

ദോഹ: ഖത്തറിലെ ആരോഗ്യ കേന്ദ്രങ്ങളിലും ഡ്രൈവ് ത്രൂ പോയിന്റിലും കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ടാമത് ഡോസ് ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷൻ സംബന്ധിച്ച വിവിധ അറിയിപ്പുകൾ മന്ത്രാലയം പുറത്തിറക്കി. ഘട്ടം ഘട്ടമായുള്ള വാക്‌സിനേഷൻ പദ്ധതിയിൽ മുൻഗണനാ ഗ്രൂപ്പിൽ പെട്ടവർക്ക് വാക്‌സിൻ നൽകാനാണ് മന്ത്രാലയം ശ്രമിക്കുന്നത്. 

ലുസൈലിലെ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ കേന്ദ്രത്തിൽ രണ്ടാം ഡോസ് മാത്രമാണ് നൽകുന്നത്. ആദ്യ ഡോസ് സ്വീകരിക്കുമ്പോൾ തന്നെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട തിയ്യതി ജനങ്ങളെ അറിയിക്കും. ഇത് ഏതെങ്കിലും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നാണോ ഡ്രൈവ് ത്രൂ വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്നാണോ ലഭിക്കുക എന്നും അപ്പോൾ തന്നെ അറിയിക്കും. 

കൊവിഡ്-19 പ്രതിരോധ വാക്‌സിനെ കുറിച്ച് പൗരന്മാരെയും താമസക്കാരെയും ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് ഇക്കാര്യങ്ങൾ ആരോഗ്യവകുപ്പ് അറിയിച്ചത്. വിവിധ ഭാഷകളിൽ വാക്‌സിനേഷൻ സംബന്ധിച്ച വിവരങ്ങൾ മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

നിലവിൽ 50 വയസോ അതിന് മുകളിലോ പ്രായമുള്ളവരെ അവരുടെ ആരോഗ്യാവസ്ഥ കണക്കിലെടുക്കാതെ വാക്‌സിൻ നൽകാനായി ക്ഷണിക്കുന്നു. കൂടാതെ വിട്ടുമാറാത്ത രോഗങ്ങൾ ഉള്ളവർ, ആരോഗ്യ ജീവനക്കാർ, വിവിധ മന്ത്രാലയങ്ങളിലെയും വ്യവസായ സ്ഥാപനങ്ങളിലെയും പ്രധാന ജോലിക്കാർ, അധ്യാപകർ, വിദ്യാഭ്യാസ ജീവനക്കാർ തുടങ്ങിയവരാണ് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഖത്തറിലെ 27 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. 

മുൻഗണനാ വിഭാഗത്തിൽ പെട്ടവർക്ക് ആരോഗ്യകേന്ദ്രത്തിലേക്ക് എത്താൻ എസ്.എം.എസ് മുഖേന ക്ഷണം ലഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആദ്യ ഡോസിനും രണ്ടാമത്തെ ഡോസിനും എസ്.എം.എസ് ആയി ക്ഷണം ലഭിക്കും. 

ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിലെ (ക്യു.എൻ.സി.സി) വാക്‌സിനേഷൻ കേന്ദ്രത്തിൽ അധ്യാപകർക്കും സ്‌കൂൾ അഡ്മിനിസ്‌ട്രേഷൻ ജീവനക്കാർക്കും മാത്രമാണ് വാക്‌സിൻ നൽകുന്നത്. 

ഡ്രൈവ് ത്രൂ വാക്‌സിനേഷൻ കേന്ദ്രത്തിൽ നിന്ന് വാക്‌സിനെടുക്കാൻ അപ്പോയിന്റ്‌മെന്റിന്റെ ആവശ്യമില്ല. രണ്ടാമത്തെ ഡോസിനായി നിശ്ചയിക്കപ്പെട്ട ദിവസം കേന്ദ്രം പ്രവർത്തിക്കുന്ന സമയത്ത് എപ്പോഴെങ്കിലും എത്തി ജനങ്ങൾക്ക് ഇവിടെ നിന്ന് വാക്‌സിനെടുക്കാമെന്നും മന്ത്രാലയം അറിയിച്ചു. 

കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച ഉടൻ വിദേശത്തേക്ക് പോകാനും സാധിക്കും. രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞാൽ മാത്രമാണ് ഖത്തറിലേക്ക് മടങ്ങിയെത്തുന്നവർക്ക് ക്വാറന്റൈനിൽ ഇളവ് ലഭിക്കുകയുള്ളൂവെന്നും മന്ത്രാലയം ആവർത്തിച്ചു. 

Related News