വിദേശ റീച്ചാർജ് കാർഡുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു

  • 10/03/2021



ദോഹ: ഖത്തറിൽ വിദേശ റീച്ചാർജ് കാർഡുകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ ആളെ അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ആണ് അറസ്റ്റ് ചെയ്തത്. സ്വന്തം രാജ്യത്തെ പ്രാദേശിക ടെലികമ്യൂണിക്കേഷൻ കമ്പനിയുടെ റീച്ചാർഡ് കാർഡുകളുടെ വിവരങ്ങൾ മോഷ്ടിച്ച് ഖത്തറിലെ ഏഷ്യൻ തൊഴിലാളികൾക്ക് ലൈസൻസ് ഇല്ലാതെ നിയമവിരുദ്ധമായി വിറ്റുവെന്ന് സംശയിക്കുന്ന ഏഷ്യക്കാരനെയാണ് അറസ്റ്റ് ചെയ്തത്. 

അന്താരാഷ്ട്ര കോളുകൾക്കായുള്ള റീച്ചാർജ് കാർഡുകൾ പ്രാദേശിക ടെലികമ്യൂണിക്കേഷൻ കമ്പനികൾ നിശ്ചയിച്ചതിനെക്കാൾ കുറഞ്ഞ നിരക്കിൽ നൽകാമെന്ന് സോഷ്യൽ മീഡിയയിലൂടെ പരസ്യം നൽകിയാണ് ഇയാൾ കാർഡുകൾ വിറ്റത്. ഡോളറിലും യൂറോയിലുമായാണ് ഇയാൾ കച്ചവടം നടത്തിയിരുന്നതെവന്നും അന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു. 

പരിശോധനകൾക്കും അന്വേഷണത്തിനും തെളിവ് ശേഖരണത്തിനും ശേഷമാണ് കുറ്റവാളിയെ അറസ്റ്റ് ചെയ്തത്. ഇന്റർനെറ്റ് വഴി തന്റെ രാജ്യത്തെ ഒരു ഹാക്കറുമായി സഹകരിച്ചാണ് ഇത് ചെയ്തതെന്ന് ഇയാൾ അന്വേഷണ ഏജൻസിയോട് പറഞ്ഞു. 

മോഷ്ടിച്ച റീച്ചാർജ് കാർഡുകളുടെ നമ്പറുകൾ ഹാക്കർ ഇയാൾക്ക് നൽകും. പിന്നീട് ഇയാൾ ഈ നമ്പറുകൾ ഉപയോഗിച്ച് വ്യാജ കാർഡുകൾ അച്ചടിക്കും. തുടർന്നാണ് ഫേസ്ബുക്ക്, വാട്ട്‌സ്ആപ്പ്, ഐ.എം.ഒ തുടങ്ങിയ സോഷ്യൽ മീഡിയയിലൂടെ ഇത് വിൽക്കുന്നത്. 

ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ ഇയാളുടെ താമസസ്ഥലത്ത് അന്വേഷണോദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടെ നിന്ന് വിൽക്കാൻ തയ്യാറാക്കി വച്ചിരുന്ന 60 ലക്ഷം റിയാൽ വിലമതിക്കുന്ന വ്യാജ റീച്ചാർജ് കാർഡുകൾ കണ്ടെത്തി. കൂടാതെ കാർഡുകൾ അച്ചടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഇവിടെ നിന്ന് പിടികൂടി. 

Related News