ഖത്തരി ഓഹരി വിപണിയിൽ പ്രവാസികൾക്ക് നിക്ഷേപിക്കാൻ കഴിയുമോ?

  • 19/03/2021

ദോഹ: പ്രവാസികളുടെ ഒരു പ്രധാന കേന്ദ്രമാണ് ഖത്തർ. മലയാളികളടക്കം നിരവധിപേർ ജീവിക്കുന്ന ഇടം. തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കാൻ വിവിധ മാർഗങ്ങൾ തേടുന്നവരാണ് ഇവരിൽ പലരും. എന്നാൽ ഖത്തരി ഓഹരി വിപണിയിൽ പ്രവാസികൾക്ക് നിക്ഷേപിക്കാൻ കഴിയുമോ എന്ന് നിരവധി ആളുകൾക്ക് സംശയം ഉണ്ട്. 

ഖത്തർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന സെക്യൂരിറ്റികൾ ട്രേഡ് ചെയ്യുന്നതിലൂടെ പ്രവാസികൾക്ക് ഖത്തരി സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്താം എന്നാണ് ഈ ചോദ്യത്തിനുള്ള ഒറ്റവരിയിലെ മറുപടി. 

ഖത്തർ നാഷണൽ ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ഖത്തർ, പ്രമുഖ കമ്പനികളായ ബലാദ്‌ന, അൽ മീറ ബാർവ ഹോൾഡിങ്‌സ്, ഒറീദൂ, വോഡഫോൺ എന്നിവയാണ് പ്രവാസികൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന ചില കമ്പനികൾ. ഓഹരി വിപണിയിൽ നിക്ഷേപിക്കാനായി കുറഞ്ഞ തുക നിശ്ചയിച്ചിട്ടില്ല എന്നതാണ് ഇതിലെ പ്രധാനപ്പെട്ട കാര്യം. ഒരു ട്രേഡ് നടത്താനായി മൊത്തം വിലയുടെ 0.00275 ശതമാനം ചെലവാകും. ഇടപാടിനുള്ള ഫീസായി 30 റിയാലും നൽകണം. 

നിക്ഷേപകനാകാൻ നിങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യണം: 

• ഖത്തറിലെ ഒരു ബാങ്കിൽ സേവിങ്‌സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ട് തുറക്കുക. നിലവിലുള്ള അക്കൗണ്ടാണെങ്കിലും മതി. 

• നിങ്ങളുടെ ബാങ്കിൽ പോയി ഐ.ബി.എ.എൻ സ്റ്റേറ്റ്‌മെന്റ് വാങ്ങുക. 

• ഖത്തർ സെൻട്രൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററിയിൽ പാസ്‌പോർട്ടും ഖത്തർ ഐ.ഡിയുമായി പോകുക. പുതിയ ഷെയർഹോൾഡറിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകളും 100 റിയാലും നൽകുക. അപ്പോൾ നിങ്ങൾക്ക് നാഷണൽ ഇൻവെസ്റ്റർ നമ്പർ ലഭിക്കും. 

• തുടർന്ന് ഖത്തർ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന എട്ട് സ്‌റ്റോക്ക് ബ്രോക്കർമാരിൽ ഒരാളുമായി നിങ്ങൾ അക്കൗണ്ട് തുറക്കണം. 

• നിങ്ങളുടെ അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്തും ധനസഹായം നൽകിയും ട്രേഡുകൾ നടത്തിയും ബ്രോക്കർമാർ നിങ്ങളെ സഹായിക്കും. 

• ഇത്രയും ചെയ്താൽ പോർട്ട്‌ഫോളിയോ നിർമ്മിച്ചുകൊണ്ട് നിങ്ങൾക്ക് സന്തോഷകരമായി നിക്ഷേപം ആരംഭിക്കാം. 

ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും നിക്ഷേപകർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഖത്തർ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെബ്‌സൈറ്റ് വിലാസം: https://www.qe.com.qa

Related News