വാക്‌സിൻ എടുത്തവർക്ക് രോഗലക്ഷണങ്ങളില്ലാതെ തന്നെ വൈറസ് വാഹകരാകാൻ കഴിയും; മുൻകരുതൽ നടപടികൾ എല്ലാവരും പാലിക്കണമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം

  • 23/03/2021

ദോഹ: കൊറോണ വാക്‌സിനെടുത്തവരും പ്രതിരോധ മുൻകരുതൽ നടപടികളായ മാസ്ക് ധാരികളും മറ്റും പാലിക്കണമെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ കമ്യൂണിക്കബിൾ ഡിസീസ് സെന്റർ മെഡിക്കൽ ഡയറക്ടർ ഡോ. മുന അൽ മസ്ലമണി. ട്വിറ്ററിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. 

വാക്‌സിനുകൾ വളരെ ഫലപ്രദമാണ്. എന്നാലും രോഗലക്ഷണങ്ങളില്ലാതെ തന്നെ വൈറസ് വാഹകരാകാൻ വാക്‌സിനെടുത്തവർക്ക് കഴിയും. അതിനാലാണ് മുൻകരുതലുകൾ തുടരാൻ നിർദ്ദേശിക്കുന്നത്. 

'ഫൈസർ, മൊഡേണ വാക്‌സിനുകൾ 95 ശതമാനം ഫലപ്രദമാണ്. വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവർക്ക് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നില്ല എന്ന് വിപുലമായ ക്ലിനിക്കൽ പരീക്ഷണങ്ങൾ കാണിക്കുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് കഴിഞ്ഞ് 10 മുതൽ 14 ദിവസത്തിനുള്ളിൽ പരമാവധി സംരക്ഷണം ലഭിക്കും.' -ഡോ. മുന പറഞ്ഞു. 

ഒരു വാക്‌സിനും 100 ശതമാനം ഫലപ്രദമല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൊവിഡ് വാക്‌സിനുകൾ 95 ശതമാനം ഫലപ്രദമാണ്. ഇതിനർത്ഥം വാക്‌സിൻ സ്വീകരിച്ചവരിൽ ഏകദേശം 5 ശതമാനം പേർക്ക് രോഗം ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ്. 

വൈറസ് വ്യാപനം തടയാനുള്ള വാക്‌സിനുകളുടെ കഴിവിനെ കുറിച്ച് കൂടുതൽ അറിയുന്നത് വരെ കുത്തിവയ്‌പ്പെടുത്ത എല്ലാവരും പ്രതിരോധ മുൻകുതൽ നടപടികൾ പാലിക്കുന്നത് തുടരണമെന്നും അവർ കൂട്ടിച്ചേർത്തു. 

Related News