മിശ്രവിവാഹിതര്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ സേഫ് ഹോമുകള്‍

  • 04/03/2020

തിരുവനന്തപുരം: മിശ്ര വിവാഹിതരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിവാഹം കഴിഞ്ഞ ദമ്പതികള്‍ക്ക് ഒരു വര്‍ഷം വരെ താമസിക്കുന്നതിനായി സേഫ് ഹോമുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് സേഫ് ഹോമുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ ഒഴികെയുള്ള പൊതു വിഭാഗത്തില്‍പെട്ട 1 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള മിശ്ര വിവാഹ ദമ്പതികള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി 30,000 രൂപ ധനസഹായം സമൂഹ്യ നീതി വകുപ്പ് നല്‍കുന്നുണ്ട്. മിശ്രവിവാഹിതരായ ദമ്പതികളില്‍ ഒരാള്‍ പട്ടികജാതിക്കാരനാണെങ്കില്‍ 75,000 രൂപയുടെ സഹായവും നല്‍കി വരുന്നു. വാര്‍ഷിക വരുമാന പരിധി 40,000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയാക്കി മാറ്റുകയും ചെയ്തു. മിശ്ര വിവാഹിതരായ ജീവനക്കാരെ സ്ഥലമാറ്റത്തില്‍ പ്രത്യേക മുന്‍ഗണന അര്‍ഹിക്കുന്ന വിഭാഗത്തില്‍ (പ്രഥമ ഗണനീയമോ പരിരക്ഷിക്കപ്പെട്ടവരോ ആയ വിഭാഗങ്ങളില്‍) ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിശ്ര വിവാഹിതര്‍ക്ക് തൊഴില്‍ സംവരണം നല്‍കുന്നതിനുള്ള ചട്ടം നിലവിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related News