ജിസിസി രാജ്യങ്ങളിൽ നിന്ന് ഖത്തറിലെത്താൻ തടസ്സമില്ലെന്ന് അധികൃതർ; ഇന്ത്യ ഉൾപ്പെടെ ആറ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഹോട്ടൽ ക്വാറന്റീനിൽ കഴിയണം

  • 22/05/2021

ദോഹ: ജിസിസി രാജ്യങ്ങളിൽ നിന്ന് കൊറോണ മാനദണ്ഡങ്ങളും യാത്രാ ചട്ടങ്ങളും പാലിച്ച് ഖത്തറിലെത്താൻ തടസ്സമില്ലെന്ന് അധികൃതർ അറിയിച്ചു. ജിസിസി രാജ്യങ്ങളിലെ പൗരന്മാർ, താമസക്കാർ എന്നിവർക്ക് ഖത്തറിലേക്ക് വരുന്നതിന് 72 മണിക്കൂർ മുൻപ് അതത് രാജ്യങ്ങളിലെ അംഗീകൃത ലബോറട്ടറികളിൽ നിന്ന് ടെസ്റ്റ് ചെയ്ത കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

മൊബൈലിൽ ഫോണിൽ ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യണം. കൂടാതെ ഖത്തരി സിം കാർഡും മൊബൈലിൽ ഉണ്ടാകണം. ജിസിസി രാജ്യങ്ങളിൽ നിന്ന് വരുന്നവർ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച് 14 ദിവസത്തിന് ശേഷമാണ് ഖത്തറിലേക്ക് വരുന്നതെങ്കിൽ ക്വാറന്റീൻ നിർബന്ധമില്ല. കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റിനൊപ്പം വാക്‌സിനേഷൻ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഖത്തറിൽ അംഗീകരിച്ച വാക്‌സിനുകൾ സ്വീകരിച്ചവർക്കാണ് ഇളവ് നൽകുക.

വിമാനത്താവളത്തിലോ അബൂസംറ അതിർത്തി വഴി വരുന്നവർ അവിടെയോ പിസിആർ പരിശോധനയ്ക്ക് വിധേയരാകണം. എന്നാൽ ഇന്ത്യ ഉൾപ്പെടെ ആറ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ജിസിസി രാജ്യങ്ങൾ വഴി വരുന്നവർക്ക് ഖത്തറിൽ ക്വാറന്റീൻ ഇളവ് ലഭിക്കില്ല. ഇവർ നിർബന്ധിത ഹോട്ടൽ ക്വാറന്റീനിൽ കഴിയണം. ഇതിനായി ഡിസ്‌കവർ ഖത്തറിന്റെ ഓൺലൈൻ പോർട്ടൽ വഴി ബുക്ക് ചെയ്യണം. ഖത്തറിലത്തുമ്പോൾ ഇഹ്തിറാസ് ആപ്പിന്റെ സ്റ്റാറ്റസ് മഞ്ഞ നിറം ആയിരിക്കണം. വാക്‌സിൻ എടുത്ത രക്ഷിതാക്കൾക്കൊപ്പം വരുന്ന കുട്ടികൾ വാക്‌സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ ഏഴ് ദിവസം ക്വാറന്റീനിൽ കഴിയണം.

Related News