പ്രവാസികള്‍ക്ക് ആശ്വാസം; ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിച്ചേക്കും

  • 22/06/2021

കുവൈത്ത് സിറ്റി : രൂക്ഷമായ കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും കര്‍ശനമായ കോവിഡ് നിബന്ധനകള്‍ക്ക് വിധേയമായി യാത്രക്കാരെ നേരിട്ട്  കുവൈത്തിലേക്ക് പ്രവേശിപ്പിക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നും  ട്രാൻസിറ്റില്ലാതെ നേരിട്ട് വരാന്‍ സാധ്യതയേറി .കുവൈത്ത് അംഗീകൃത രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച താമസവിസക്കാര്‍ക്ക്  രാജ്യത്തേക്ക് മടങ്ങാം അതോടപ്പം എല്ലാ യാത്രക്കാരും പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത നെഗറ്റീവ് കോവിഡ് -19 പരിശോധനാ ഫലം ഹാജരാക്കണമെന്നും കുവൈത്ത് സര്‍ക്കാര്‍ വ്യക്തമാകിയിരുന്നു . ഫൈസർ, അസ്ട്രസെനക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയാണ് കുവൈറ്റ് അംഗീകരിച്ച വാക്‌സിനുകൾ

ഫെബ്രുവരി മുതല്‍ നിലവിലുണ്ടായിരുന്ന പ്രവേശന വിലക്കാണ് കുവൈത്ത്  അവസാനിപ്പിച്ചത്.കുവൈത്തിലെത്തിയാല്‍ വിമാനത്താവളത്തില്‍ പി.സി.ആര്‍. പരിശോധനയുണ്ടാകും.തുടര്‍ന്ന്  ഏഴ് ദിവസത്തെ ക്വാറന്റൈന് ശേഷം ഒരു പിസിആര്‍ പരിശോധന കൂടി നടത്തി കൊവിഡ് നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.  യാത്രാവിലക്കിനെ തുടര്‍ന്ന് പതിനായിരക്കണക്കിന് പ്രവാസികള്‍ കുവൈത്തിലേക്ക് മടങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു. ഇത്തരക്കാര്‍ക്ക് ആശ്വാസമാണ് കുവൈത്തിന്റെ തീരുമാനം. കോവിഷീല്‍ഡ് എന്നറിയപ്പെടുന്ന ആസ്ട്ര സെനക്ക വാക്‌സിന്‍ ആണ് കുവൈത്ത്  അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ കൊവാക്‌സീന് അംഗീകാരമില്ല. കോവാക്‌സിന്‍ കുത്തിവെച്ചവര്‍ക്ക് ഇപ്പോള്‍ കുവൈത്തിലേക്ക്  പ്രവേശനം ഉണ്ടാകിലെന്നാണ് സൂചനകള്‍. 

അതിനിടെ ആഗസ്റ്റ്‌ മുതല്‍ രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമായി യാത്രകള്‍ പരിമിതപ്പെടുതിയതിനെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വാക്‌സിനെടുത്ത സ്വദേശികള്‍ക്ക് കുവൈറ്റില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കുകയും എന്നാല്‍ പ്രവാസികള്‍ക്ക് അത് നിഷേധിക്കുകയും ചെയ്യുന്നത് മനുഷ്യത്വ രഹിതവും വിവേചനപരവുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. അതോടപ്പം മാസങ്ങളായി വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്തിട്ടും തങ്ങളുടെല്ലാത്ത കാരണത്താല്‍ വാക്സിന്‍ ലഭിക്കാത്തവരെ റെസ്റ്റൊറന്റുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, സലൂണുകള്‍, മാളുകളിലും തടയുന്ന മന്ത്രിസഭയുടെ  തീരുമാനം പിന്‍വലിക്കണമെന്ന് നിരവധി സ്വദേശി പ്രമുഖര്‍ ആവശ്യപ്പെട്ടു. ജൂണ്‍ 27 മുതല്‍ സമ്പൂര്‍ണ വാക്‌സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇമ്മ്യൂണ്‍ ആപ്പില്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കു മാത്രമാണ് മാളുകളിലും വ്യാപാര സ്ഥാപങ്ങളിലും പ്രവേശനം അനുവദിക്കുകയെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ വകഭേദം കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതെന്ന് നേരത്തെ ആരോഗ്യ അധികൃതര്‍ അറിയിച്ചിരുന്നു. 

Related News