കുവൈത്തിൽ വാക്സിന്‍ സ്വീകരിക്കാത്തവര്‍ ഷോപ്പിംഗ് മാളുകളിൽ പ്രവേശിക്കുന്നത് തടയാന്‍ സുരക്ഷാ സേനയെ ഉപയോഗപ്പെടുത്തും.

  • 24/06/2021

കുവൈത്ത് സിറ്റി: വാണിജ്യ സമുച്ചയങ്ങളില്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ പ്രവേശിക്കുന്നത് തടയാന്‍ സുരക്ഷാ സേനയെ ഉപയോഗപ്പെടുത്താന്‍ തീരുമാനം. 6000 സ്ക്വയര്‍ മീറ്ററില്‍ കൂടുതലുള്ള വാണിജ്യ സമുച്ചയങ്ങളിലും റെസ്റ്റ്റന്‍റ് ഹാളുകളിലും കഫേകളിലും ഹെല്‍ത്ത് ക്ലബ്ബുകളിലും സലൂണുകളിലും കൊവിഡ് വാക്സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവരെ മാത്രം ഞായറാഴ്ചമുതൽ പ്രവേശിപ്പിച്ചാല്‍ മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. 

കൊവിഡിനെ നേരിടുന്ന കമ്മിറ്റി യോഗം ചേര്‍ന്നതായും മന്ത്രിസഭ തീരുമാനം നടപ്പാക്കുമെന്നും കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ അഹമ്മദ് അല്‍ മന്‍ഫൗഹി പറഞ്ഞു. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ ടീമുകള്‍ വാണിജ്യ സമുച്ചയങ്ങളുടെ പ്രവേശന കവാടത്തില്‍ നില്‍ക്കുകയും രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവരെ മാത്രം പ്രവേശിപ്പിക്കുകയും ചെയ്യും. 

"മൈ ഐഡന്‍റിറ്റി" ആപ്പോ അല്ലെങ്കില്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ "ഇമ്മ്യൂൺ"  ആപ്പോ സ്മാര്‍ട്ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് അദ്ദേഹം വ്യക്തമാക്കി, പ്രവേശനത്തിനായി ഇവ ഉപയോഗിക്കാമെന്നും,  പൊതു ജനങ്ങള്‍ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.  ആദ്യ ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മഞ്ഞ കളറും രണ്ട് ഡോസ് എടുത്തവര്‍ക്ക് പച്ച കളറും വാക്സിന്‍ എടുത്തവര്‍ക്ക് ചുവപ്പ് കളറുമാണ് മൊബൈല്‍ ആപ്പില്‍ കാണിക്കുക. രാജ്യത്തെ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പരിശോധന ടീമുകളുമായി എല്ലാവരും സഹകരിക്കണമെന്നും അഹമ്മദ് അൽ മൻഫൗഹി അഭ്യര്‍ഥിച്ചു.

Related News