'ഇവിടെ എല്ലാവർക്കും കോവിഡാണ് സർ, ചിക്കൻ കഴിച്ചിട്ട് കുറച്ച് നാളായി'; പോലീസുകാരനോട് ആറാം ക്ലാസുകാരൻ പറഞ്ഞത്

  • 28/06/2021


തൃശൂർ:  ‘ഇവിടെ എല്ലാവർക്കും കോവിഡാണ് സർ’,ചിക്കൻ കഴിച്ചിട്ടു കുറേ നാളായി. വാങ്ങിനൽകാൻ ഇപ്പോൾ ആരുമില്ല..’ ; ക്വാറന്റീനിൽ കഴിയുന്ന കുടുംബത്തിനോട് സുഖവിവരം അന്വേഷിക്കാന്‍ വിളിച്ച പൊലീസുകാരോട് ആറാം ക്ലാസുകാരന്‍ പറഞ്ഞത് ഇങ്ങനെ.

ആ വാക്കുകളാണ് മാള ജനമൈത്രി പൊലീസിലെ സിപിഒമാരായ സജിത്തിനേയും മാർട്ടിനേയും വടമ മേക്കാട്ടിൽ മാധവന്റെ വീട്ടിലെത്തിച്ചത്. ചിക്കനും അത്യാവശ്യം സാധനങ്ങളും വാങ്ങി പൊലീസുകാർ എത്തിയപ്പോൾ കണ്ടത് ആറാം ക്ലാസുകാരന്റെ ദുരിത ജീവിതമാണ്. അഞ്ചു വർഷമായി തളർന്നു കിടക്കുന്ന അച്ഛനും വീട്ടു വേല ചെയ്തു കുടുംബം നോക്കുന്ന അമ്മയ്ക്കുമൊപ്പം പണിതീരാത്ത ആ കൊച്ചുവീട്ടിൽ കഴിയുന്ന സച്ചിൻ.

പഠിക്കാൻ പുസ്തകമോ എഴുതാൻ പേനയോ ഇല്ലെന്ന സച്ചിന്റെ വാക്കുകളിൽ നിന്നാണ് ആ കുടുംബത്തിന്റെ ദുരിതജീവിതത്തെക്കുറിച്ച് പൊലീസുകാർ അറിയുന്നത്. ചിക്കൻ വാങ്ങിക്കൊണ്ടു വന്നാൽ വയ്ക്കാൻ പലചരക്കു സാധനങ്ങളുണ്ടോ എന്നു ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു സച്ചിന്റെ വിഷമത്തോടെയുള്ള മറുപടി. ഇതോടെ ചിക്കനും പലചരക്കു സാധനങ്ങളുമായി പൊലീസ് വീട്ടിലെത്തി.

കൂലിപ്പണിക്കാരനായിരുന്ന അച്ഛൻ മാധവൻ 5 വർഷമായി തളർന്നു കിടക്കുകയാണ്. കാൽ നൂറ്റാണ്ടു മുൻപു നിർമാണം പാതിവഴിക്കു നിലച്ച വീട്ടിലാണ് താമസം. അമ്മ ലതിക വീട്ടു ജോലിക്കു പോയാണു കുടുംബം നോക്കുന്നത്. മൂന്നു പേർക്കും കോവിഡ് ബാധിച്ചതോടെ ജോലിക്കു പോകാൻ പറ്റാതായി. സമീപത്തു താമസിക്കുന്ന അധ്യാപികയാണ് സച്ചിന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മൊബൈൽ ഫോൺ നൽകുന്നത്.

Related News