ദോഹയിലെ താലിബാൻ ഓഫീസ് മേധാവി മുല്ല അബ്ദുൽ ഗനി ബറാദർ പുതിയ അഫ്ഘാൻ പ്രസിഡന്റായേക്കുമെന്ന് സൂചന

  • 21/08/2021


ദോഹ : ദോഹയിലെ താലിബാൻ ഓഫീസ് മേധാവിയായിരുന്ന മുല്ല അബ്ദുൽ ഗനി ബറാദർ അഫ്ഘാനിലെ പുതിയ പ്രസിഡന്റായേക്കുമെന്ന് സൂചന. ഖത്തർ എയർ ഫോഴ്സ് പ്രത്യേക വിമാനത്തിൽ രണ്ട് ദിവസം മുമ്പ് അദ്ദേഹം കാണ്ടഹാറിലെത്തിയിരുന്നു. 20 വർഷത്തിന് ശേഷം ആദ്യമായാണ് ബറാദർ അഫ്ഘാനിസ്ഥാനിൽ പ്രവേശിക്കുന്നത്. താലിബാന്റെ സ്ഥാപകരിലൊരാളും മുൻ നിര നേതാവുമാണ് ബറാദർ. പാകിസ്ഥാനിൽ ജയിൽവാസമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ഖത്തറിൽ നയതന്ത്ര ചർച്ചാ പ്രതിനിധിയായി പ്രവർത്തിച്ചു.

ഹിബത്തുല്ല അഖുന്ദ്സാദയാണ് താലിബാന്റെ പരമോന്നത നേതാവ്.  ദോഹയിൽ നിന്നുള്ള അദ്ദേഹത്തിന്റെ മടക്കം പുതിയ സർക്കാർ രൂപവത്കരണം യാഥാർഥ്യമാക്കാനാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ദോഹയിൽ താലിബാനും അമേരിക്കൻ പ്രതിനിധികളും നടത്തിയ കൂടിക്കാഴ്ചയിൽ ബറാദർ ആണ് യു എസുമായി കരാറിൽ ഒപ്പു വെച്ചത്. ശേഷം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ബറാദറിനൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തിരുന്നു. താലിബാൻ രാഷ്ട്രീയ ഉപനേതാവ് മുല്ല ബറാദറുമായി കൂടിക്കാഴ്ച നടത്തിയെന്നും അഫ്ഗാനിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള സംഭാഷണങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നുമായിരുന്നു ട്വീറ്റ്.

നവംബറിൽ വീണ്ടും യു.എസ് സെക്രട്ടറി ബറാദറിനെയും മറ്റു താലിബാൻ നേതാക്കളെയും ദോഹയിൽ വെച്ച് കണ്ടിരുന്നു. ട്രംപ് ഭരണകൂടമാണ് താലിബാനുമായി സമാധാന കരാർ ഒപ്പുവെച്ചത്. ഈ ഘട്ടത്തിൽ 5,000 ത്തോളം പേരെ ജയിൽ മോചിപ്പിക്കാൻ അഫ്ഗാൻ ഗവൺമെന്റിൽ സമ്മർദം ചെലുത്തണമെന്ന് താലിബാൻ ആവശ്യപ്പെട്ടിരുന്നു. ഇങ്ങിനെ മോചിപ്പിച്ചവരിൽ ചിലരാണ് അഫ്ഗാനിൽ താലിബാൻ അധികാരം പിടിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത്.

ദോഹയിൽ എത്തുന്നതിന് മുമ്പ് ബറാദർ പാകിസ്ഥാനിൽ ജയിലിലായിരുന്നു. 2010 ൽ കറാച്ചിയിൽ വെച്ചാണ് ബറാദറിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. അമേരിക്കയുടെ അഭ്യർഥനയെ തുടർന്ന് 2018 ൽ മോചിപ്പിച്ചു. അന്ന് മുതൽ അദ്ദേഹം ദോഹയിൽ താലിബാൻ ഓഫീസ് തലവനാണ്.

ദോഹയിൽ എത്തിയ ബറാദറുമായി പ്രസിഡന്റ് ട്രംപും അഫ്ഗാൻ സമാധാന സംഭാഷണങ്ങൾ നടത്തി. 2021 ജൂലൈയിൽ ചൈന സംഘടിപ്പിച്ച സംഭാഷണത്തിൽ ഒമ്പതംഗ താലിബാൻ സഘത്തെ നയിച്ചത് താലിബാന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ബറാദർ ആയിരുന്നു.

Related News