60 വയസ്സിനു മുകളിലുള്ള പ്രവാസികളുടെ വിസ പുതുക്കിനല്‍കരുതെന്ന തീരുമാനം റദ്ദാക്കിയതിൽ സന്തോഷം പ്രകടിപ്പിച്ച് വിദേശികള്‍.

  • 08/10/2021

കുവൈത്ത് സിറ്റി : ബിരുദമില്ലാത്ത 60 വയസ്സിനു മുകളിലുള്ള പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കിനല്‍കരുതെന്ന തീരുമാനം ആസാധുവാണെന്ന് പ്രഖ്യാപിച്ച  ഫത്വ നിയമ നിര്‍മാണ സമിതി തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് നിരവധി വിദേശികള്‍. നൂറുക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന മുബാറക്കിയ മാർക്കറ്റിലെ തൊഴിലാളികള്‍ ആഹ്ലാദത്തോടെയാണ് പുതിയ തീരുമാനം സ്വീകരിച്ചത്. തീരുമാനം റദ്ദാക്കിയതിന് ഞങ്ങൾ കുവൈത്തിനോട് നന്ദി പറയുന്നതായും മാനവികതയുടെ ഉദാത്തമായ മാതൃകയാണ് കുവൈത്ത് ഭരണാധികാരികള്‍ കാണിച്ചതെന്നും 40 വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളി  അൽ ഹജ്ജ് മുസ്തഫ മുഹമ്മദ് പറഞ്ഞു. ഭയപ്പാടോടെയാണ് കഴിഞ്ഞ മാസങ്ങളില്‍ കഴിഞ്ഞതെന്നും പുതിയ തീരുമാനത്തോടെ ഏറെ ആശ്വാസമായതായും അദ്ദേഹം പറഞ്ഞു. 

ഞങ്ങളുടെ സ്വപ്നങ്ങൾക്കും ഉപജീവനമാർഗത്തിനും വലിയ വെല്ലുവിളിയായിരുന്നു ഈ തീരുമാനം. എന്നും പാവങ്ങളോടപ്പം നില്‍ക്കുന്ന കുവൈത്ത് ഭരണാധികാരികളില്‍ നിന്നും ഇത്തരമൊരു തീരുമാനം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും 75 വയസ്സുള്ള വിദേശി തൊഴിലാളി ഹജ് ബൗകസെം പറഞ്ഞു. കഴിഞ്ഞ ഓരോ ദിനവും കണ്ണീരോടെയാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ ഇന്ന് മാര്‍ക്കറ്റില്‍  വലിയ സന്തോഷമാണെന്നും തീരുമാനം റദ്ദാക്കിയ എല്ലാവർക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് മാന്‍പവര്‍ അതോറിറ്റി എടുത്ത തീരുമാനത്തിന് നിയമ സാധുതയില്ലെന്ന് ഫത്വ കമിറ്റി വ്യക്തമാക്കിയത്.തൊഴില്‍ അനുമതിയുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളോ നടപടിക്രമങ്ങളോ പ്രഖ്യാപിക്കല്‍ മാന്‍പവര്‍ അതോറിറ്റിയുടെ അധികാര പരിധിയില്‍ വരുന്ന കാര്യമല്ലെന്ന് ഫത്വ കമിറ്റി ചൂണ്ടിക്കാട്ടി.ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റോ അതില്‍ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശികള്‍ക്ക് പ്രായം അറുപതോ അതില്‍ കൂടുതലോ ആണെങ്കില്‍ തൊഴില്‍ പെര്‍മിറ്റ് പുതുക്കിനല്‍കില്ലെന്നായിരുന്നു തീരുമാനം. 

2018ല്‍ നടപ്പാക്കിയ തൊഴില്‍ നിയമത്തിലെ 29-ാം അനുച്ഛേദത്തില്‍ ഭേദഗതി വരുത്തിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 2000 ദീനാര്‍ വാര്‍ഷിക ഫീസ് ഈടാക്കി ഇഖാമ പുതുക്കിനല്‍കാന്‍ മാന്‍പവര്‍ അതോറിറ്റി സന്നദ്ധമായിരുന്നു.

അതിനിടെ അറുപത് വയസ്സിന് മുകളിൽ പ്രായമുള്ള അവിദഗ്ദ തൊഴിലാളികളിൽ നിന്ന് വാർഷിക ഇനമായി നിശ്ചിത തുക ഈടാക്കി താമസ രേഖ പുതുക്കി നൽകാനുള്ള നിർദേശത്തോട് വിയോജിപ്പ് പ്രകടമാക്കി ചേമ്പർ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയും നിരവധി പാര്‍ലിമെന്റ് അംഗങ്ങളും മന്ത്രിമാര്‍  അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.ഇത്തരം  നീക്കം രാജ്യത്ത് വിദഗ്ദ തൊഴിലാളികളുടെ വരവിന് വേഗത കുറയ്ക്കുമെന്നും സമ്പദ് വ്യവസ്ഥയെ അത് പ്രതികൂലമായി ബാധിക്കുമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. 

ജനസംഖ്യ ക്രമീകരണ നടപടികളുടെ ചുവടുപിടിച്ച് കഴിഞ്ഞ ആഗസ്റ്റിലാണ് മാന്‍പവര്‍ അതോറിറ്റി വിദേശികളുടെ തൊഴില്‍ പെര്‍മിറ്റുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം കൈക്കൊണ്ടത്.നിയമനിര്‍മാണ സമിതിയുടെ അറിയിപ്പ് വന്നതോടെ ഇക്കാര്യത്തില്‍ ഏറെ നാളായി നിലനിന്നിരുന്ന ആശങ്കള്‍ക്കും അനിശ്ചിതത്വത്തിനും വിരാമമായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Related News