കോട്ടയം എരുമേലിയില്‍ ഉരുള്‍പൊട്ടല്‍; ശബ്ദം കേട്ട് ആളുകള്‍ ഓടിമാറി; അപകടം ഒഴിവായി

  • 11/11/2021

കോട്ടയം: കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടൽ. കീരിത്തോട് പാറക്കടവ് മേഖലയിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ഉരുൾപൊട്ടിയത്. ആളപായമില്ല. വലിയ ശബ്ദം കേട്ട് ആളുകൾ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്.

ശബരിമല വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമാണിത്. എരിത്വാപുഴ കണമല ബൈപ്പാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതോടെ റോഡിന് കാര്യമായ കേടുപാടുണ്ടായി. മൂന്ന് വീടുകൾക്കും നാശനഷ്ടമുണ്ടായി. മണ്ണിടിച്ചിലിൽപ്പെട്ട ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചു.

അപകടാവസ്ഥയിലുള്ള വീടുകളിൽ കഴിയുന്നവരെ മാറ്റിപ്പാർപ്പിച്ചു വരുകയാണ്. കോട്ടയത്തെ മലയോര മേഖലയിൽ രാത്രി മുതൽ ശക്തമായ മഴ പെയ്തെങ്കിലും ഇപ്പോൾ മഴ മാറിനിൽക്കുന്ന സാഹചര്യമാണ്.

പത്തനംതിട്ടയിൽ കോന്നി കൊക്കാത്തോട് മേഖലയിലും ഉരുൾപൊട്ടി. കൊക്കാത്തോട് വനമേഖലയിൽ ഉരുൾപൊട്ടിയെന്നാണ് കരുതുന്നത്. അഞ്ചോളം വീടുകളിൽ വെള്ളം കയറി. ഇവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. പ്രദേശത്ത് വലിയ കൃഷി നാശമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.ആര്യങ്കാവ് പഞ്ചായത്തിലെ അമ്പനാട് ഭാഗത്തും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കഴിഞ്ഞദിവസം രാത്രി പെയ്ത കനത്ത മഴയെതുടർന്ന് രാത്രിയോടെയാണ് അമ്പനാട് മെത്താപ്പ് ഭാഗത്ത് ഉരുൾപൊട്ടിയത്. കൂടാതെ കഴുതുരുട്ടി-അമ്പനാട് റോഡിൽ മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ കല്ലും മണ്ണും മൂടി യാത്രാക്ലേശം രൂക്ഷമായി. ഇരുചക്രവാഹനങ്ങക്ക് പോലും പോകാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതിനെ തുടർന്ന് പ്രദേശം ഒറ്റപ്പെട്ടു.

അമ്പനാട് തോട്ടം മേഖലയിൽ ഏലം, തേയില, ഗ്രാമ്പൂ ഉൾപ്പെടെയുള്ള വിളകൾക്ക് കനത്ത നാശമുണ്ടായി. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ പെയ്ത മഴ പുലർച്ചെ വരെ നീണ്ടു നിന്നു. ഇതോടെ കഴുതുരുട്ടി ആറ്റിൽ കനത്ത വെള്ളമൊഴുക്ക് അനുഭവപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുൻപ് ഉരുൾപൊട്ടിയ ഇടപ്പാളയം മേഖലകളിൽ വീണ്ടും വെള്ളമൊഴുക്ക് അനുഭവപ്പെട്ടു. അമ്പനാട് ഭാഗത്ത് മൂന്നിടത്ത് നേരിയതോതിൽ ഉരുൾപൊട്ടിയതായി പ്രാഥമികവിവരം ഉണ്ടെന്നും പ്രദേശത്ത് യാത്രാക്ലേശം ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂ അധികൃതർ അറിയിച്ചു.

കൂടാതെ അച്ചൻകോവിൽ കെടമല ഭാഗത്തും ഉരുൾപൊട്ടി. അലിമുക്ക് - അച്ചൻകോവിൽ ഗതഗതം പുണ്ണമായും നിലച്ചു. റോഡിലെ പല കലുങ്കകളും തകർന്നു. അച്ചൻകോവിൽ മുന്നുമുക്ക് റോഡ്, കുഴിഭാഗളിലും റോഡിന്റെ വശത്ത് മണ്ണിടിച്ചിലുണ്ട്.

Related News