ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; എൻഐഎ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രൻ

  • 16/11/2021

പാലാക്കട്ടെ ആർഎസ്എസ് പ്രവത്തകൻ സഞ്ജിത്തിന്റെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ആവശ്യം ഉന്നയിച്ച് കെ സുരേന്ദ്രൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. കേസ് എൻഐഎയ്ക്ക് കൈമാറണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാൻ ഗവർണറോട് കെ സുരേന്ദ്രൻ അഭ്യർത്ഥിച്ചു.

കൊലപാതകം നടത്തിയത് പരിശീലനം നേടിയ തീവ്രവാദികളാണെന്നും പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഇതിനിടെ സഞ്ജിത്തിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. എട്ട് സംഘങ്ങളായാണ് കൊലപാതകം അന്വേഷിക്കുന്നത്. അക്രമിസംഘത്തിന്റെ കാർ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ജില്ലാ പൊലീസ് മേധാവി പ്രതികരിച്ചു.

ഇന്നലെ രാവിലെ 9 മണിയോടെയാണ് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി ബൈക്കിൽ പോകുമ്പോൾ കാറിലെത്തിയ സംഘം സഞ്ജിത്തിനെ വെട്ടുകയായിരുന്നു. ബൈക്ക് ഇടിച്ചു വീഴ്ത്തി നാല് പേർ ചേർന്നാണ് വെട്ടിയത്. സഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണ കാരണം തലയിലേറ്റ വെട്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയിൽ മാത്രം ആറുവെട്ടുകളടക്കം ശരീരത്തിൽ മുപ്പതോളം വെട്ടുകളാണുള്ളതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹവുമായി ആർഎസ്എസ് പ്രവർത്തകർ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലേക്ക് വിലാപയാത്ര നടത്തി.


Related News