ഡിജെ പാർട്ടിയുടെ നിർണായക ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടൽ ഉടമ പൊലീസിന് കൈമാറി

  • 16/11/2021


കൊച്ചി: ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ നിർണായക ദൃശ്യങ്ങൾ അടങ്ങുന്ന ഡിവിആർ ഹോട്ടൽ ഉടമ റോയ് വയലാട്ട് പൊലീസിന് കൈമാറി. രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോഴാണ് കൈമാറിയത്. ഒരു ഡിവിആർ കൂടി ലഭിക്കാൻ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. 

മിസ് കേരള അടക്കം മൂന്ന് പേർ മരിച്ച കേസിൽ ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ഉടമ റോയി ജോസഫ് വയലാട്ടിൽ രാവിലെ 10.30 നാണ് ചോദ്യം ചെയ്യലിന് ഹാജരായത്. അസിസ്റ്റൻ്റ് കമ്മീഷണർ നിസാമുദ്ദീൻ്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. റോയ് നശിപ്പിച്ചെന്ന് ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയ രണ്ട് ഡിവിആറുകളിൽ ഒരെണ്ണം പൊലീസിന് കൈമാറിയാതായി എസിപി അറിയിച്ചു.

ജീവനക്കാരുടെ മൊഴി പ്രകാരം ഹാർഡ് ഡിസ്‌ക്കുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ റോയ് ഹാജരായിരുന്നില്ല. തുടർന്ന് ഇന്നലെ നിയമപരമായി നോട്ടീസ് നൽകി വിളിപ്പിക്കുകയായിരുന്നു. ഡിവിആറുമായി ഹാജരാകണം എന്നാവശ്യപ്പെട്ട് ക്രിമിനൽ നടപടി ചട്ടം 91 പ്രകാരമാണ് നോട്ടിസ് നൽകിയത്.

അപകടത്തിൽ മരിച്ച അൻസി കബീറിന്റെ അച്ഛൻ അബ്ദുൽ കബീറു൦ ബന്ധുക്കളു൦ കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടു. മരണത്തിലെ ദുരൂഹത നീക്കണമെന്നാണ് ഇവരുടെ ആവശ്യ൦. പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമേ പ്രതികരിക്കുവെന്ന് ബന്ധുക്കൾ അറിയിച്ചു. 

Related News