ഹോട്ടൽ 'നമ്പർ 18'-ൽ പോലീസ് പരിശോധന പൂർത്തിയായി: ഡി.വി.ആര്‍ കിട്ടിയില്ലെന്ന് സൂചന

  • 17/11/2021


കൊച്ചി: മുൻ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ ഹോട്ടൽ 'നമ്പർ 18'-ൽ പോലീസ് പരിശോധന പൂർത്തിയായി. ഹോട്ടലുടമയായ റോയ് വയലാട്ടുമായാണ് പോലീസ് ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലെത്തി പരിശോധന നടത്തിയത്. രാവിലെ ഹാജരായ റോയിയുമായി പോലീസ് സംഘം ഹോട്ടലിലേക്ക് വരികയായിരുന്നു. രണ്ട് മണിക്കൂറോളം ഹോട്ടലിലെ പരിശോധന നീണ്ടു. എന്നാൽ ഇന്ന് നടത്തിയ പരിശോധനയിലും ഒരു ഡി.വി.ആർ. കണ്ടെടുക്കാനായിട്ടില്ലെന്നാണ് സൂചന.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച ഒരു ഡി.വി.ആർ. മാത്രമാണ് റോയ് കഴിഞ്ഞദിവസം പോലീസിന് കൈമാറിയത്. ഈ ഡി.വി.ആറിൽ ഡി.ജെ. പാർട്ടി നടന്ന ഹാളിലെ ദൃശ്യങ്ങളുണ്ടായിരുന്നില്ല. തുടർന്നാണ് രണ്ടാമത്തെ ഡി.വി.ആർ. ബുധനാഴ്ച ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ ബുധനാഴ്ച പോലീസിന് മുന്നിൽ ഹാജരായപ്പോൾ ഈ ഡി.വി.ആർ. റോയ് ഹാജരാക്കിയിട്ടില്ലെന്നാണ് നിലവിലെ വിവരം. മാത്രമല്ല, ഡി.വി.ആറിലെ ദൃശ്യങ്ങളിൽ തിരിമറി നടത്തിയതായും സൂചനയുണ്ട്. അങ്ങനെയാണെങ്കിൽ തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി റോയിക്കെതിരേ കേസെടുക്കാനും സാധ്യതയുണ്ട്.

അതിനിടെ, മുൻ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന് മുന്നിൽ എ.ഐ.വൈ.എഫ്. പ്രതിഷേധവും സംഘടിപ്പിച്ചു. റോയ് വയലാട്ടുമായി പോലീസ് സംഘം ഹോട്ടലിൽനിന്ന് മടങ്ങുന്നതിനിടെയാണ് പത്തോളംവരുന്ന എ.ഐ.വൈ.എഫ്. പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. തുടർന്ന് പോലീസുമായി നേരിയ ഉന്തും തള്ളും ഉണ്ടായി.

Related News