സഞ്ജുവിനെ ഇന്ത്യൻ ടീമിൽനിന്ന് മാറ്റിനിർത്തുന്നതെന്ത്? ചോദ്യം ചെയ്ത് മന്ത്രി ശിവൻകുട്ടി

  • 17/11/2021


തിരുവനന്തപുരം∙ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് തഴയപ്പെട്ടത്തിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർപ്പൻ പ്രകടനം തുടരുന്ന മലയാളി താരം സഞ്ജു സാംസണിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി വി. ശിവൻകുട്ടി. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രി സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന സഞ്ജുവിനെ ഇന്ത്യൻ ടീമിൽനിന്ന് എന്തുകൊണ്ടാണ് മാറ്റിനിർത്തുന്നതെന്ന് മന്ത്രി ചോദിച്ചു.

‘സഞ്ജു സാംസണിന് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യൻ സിലക്ടർമാർ നൽകണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകർത്തടിച്ചപ്പോൾ (39 പന്തിൽ പുറത്താകാതെ 52 റൺസ് ) ഹിമാചൽ പ്രദേശിനെ 8 വിക്കറ്റിന് തോൽപ്പിച്ച് കേരളം ക്വാർട്ടറിൽ എത്തി. ടൂർണമെന്റിൽ ഉടനീളം സ്ഥിരതയാർന്ന പ്രകടനമാണ് കേരള ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസൺ നടത്തിയത്’ – മന്ത്രി കുറിച്ചു.

ഐപിഎൽ 14–ാം സീസണിലും സ്ഥിരതയാർന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പർ - ബാറ്ററും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തണം?’ – #SanjuSamson, #IPL, #VSivankutty, #BCCI എന്നീ ഹാഷ്ടാഗുകൾ സഹിതം മന്ത്രി കുറിച്ചു.

∙ കേരളം ക്വാർട്ടറിൽ

നേരത്തെ, കേരള ക്രിക്കറ്റിനു വീണ്ടും വസന്തകാലമായെന്ന ഓർമപ്പെടുത്തലോടെ സഞ്ജു സാംസണും സംഘവും സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ദേശീയ ക്രിക്കറ്റ് ചാംപ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിൽ കടന്നത്. പ്രീക്വാർട്ടറിൽ ഹിമാചലിനെതിരെ 8 വിക്കറ്റ് ജയത്തോടെയാണ് കേരളം മുന്നേറിയത്. നാളെ ക്വാർട്ടറിൽ നിലവിലെ ചാംപ്യന്മാരായ തമിഴ്നാടാണ് കേരളത്തിന്റെ എതിരാളികൾ. സ്കോർ: ഹിമാചൽ– 20 ഓവറിൽ 6ന് 145, കേരളം– 19.3 ഓവറിൽ 2ന് 147.

കേരളം രണ്ടാം തവണയാണ് ക്വാർട്ടർ  ഫൈനലിലെത്തുന്നത്. 2010–11ൽ ക്വാർട്ടറിൽ തോറ്റു. 12–13ലും 15–16ലും സൂപ്പർ ലീഗിലെത്തിയിരുന്നു. ക്യാപ്റ്റൻ സഞ്ജു സാംസൺ (39 പന്തിൽ 52 നോട്ടൗട്ട്), മുഹമ്മദ് അസ്ഹറുദ്ദീൻ (57 പന്തിൽ 60) എന്നിവരുടെ അർധസെഞ്ചുറി പ്രകടനങ്ങളാണു കേരളത്തിനു തകർപ്പൻ വിജയമൊരുക്കിയത്. ടൂർണമെന്റിൽ സഞ്ജുവിന്റെ 3–ാം അർധസെഞ്ചുറിയാണിത്.

ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ (16 പന്തിൽ 22) പുറത്തായതിനു ശേഷമെത്തിയ സഞ്ജു, അസ്ഹറുദ്ദീനുമായി ചേർന്നു തകർപ്പൻ ബാറ്റിങ്ങാണു നടത്തിയത്. ഒരുവശത്ത് അസ്ഹർ നങ്കൂരമിട്ടു കളിച്ചപ്പോൾ സഞ്ജു കത്തിക്കയറി. 17–ാം ഓവറിലെ അവസാന പന്തിൽ അസ്ഹറുദ്ദീൻ പുറത്താകുമ്പോൾ കേരളം 2ന് 132 എന്ന നിലയിലെത്തിയിരുന്നു. പിന്നീടെത്തിയ സച്ചിൻ ബേബി (5 പന്തിൽ 10) അടി തുടർന്നതോടെ 3 പന്തുകൾ ബാക്കിനിൽക്കെ കേരളം വിജയപീഠം കയറി.

ടൂർണമെന്റിലാകെ ഇതുവരെ ആറു കളികളിൽനിന്ന് 113.50 ശരാശരിയിൽ 227 റൺസ് അടിച്ചുകൂട്ടിയ സഞ്ജു ടോപ് സ്കോറർമാരുടെ പട്ടികയിൽ ഒൻപതാമനാണ്. 143.67 സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ പ്രകടനം. മൂന്ന് അർധസെഞ്ചുറികളും താരം ഇതിനകം നേടിക്കഴിഞ്ഞു. റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ 40 പേരിൽ നൂറിനു മുകളിൽ ശരാശരിയുള്ള ഒരേയൊരു താരവും സഞ്ജു തന്നെ.

Related News