കേരളത്തിലെ സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് വാക്സിൻ: ഉപയോഗശൂന്യമാകാൻ സാധ്യത

  • 17/11/2021


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ. സംസ്ഥാന സർക്കാർ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി വിതരണംചെയ്ത വാക്സിനും ഇതിലുൾപ്പെടും. വാക്സിൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സംസ്ഥാന സർക്കാരും നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നടപടിയെടുത്തിട്ടില്ല.

ആറുമാസമാണ് കോവിഷീൽഡ് വാക്സിന്റെ കാലാവധിയെന്നതിനാൽ ഇവ നശിച്ചുപോകാൻ സാധ്യതയേറെയാണ്. കോവാക്സിനും സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ കൈവശവും ആവശ്യത്തിന് വാക്സിൻ ശേഖരമുണ്ട്.

കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷന് കീഴിലുള്ള 50 സ്വകാര്യ ആശുപത്രികളിലായാണ് 2.40 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ശേഖരമുള്ളത്. പത്ത് ഡോസടങ്ങിയ വാക്സിന്റെ ഒരു വയലിന് 6300 രൂപയാണ് വില.

സൗജന്യമായും തിരക്കില്ലാതെയും സർക്കാർ ആശുപത്രികളിൽനിന്ന് വാക്സിൻ കിട്ടാൻ തുടങ്ങിയതോടെയാണ് സ്വകാര്യാശുപത്രികളിൽ വാക്സിന് ആവശ്യക്കാർ കുറഞ്ഞത്. കൊറോണ പടർന്നുപിടിച്ച നാളുകളിൽ ദിവസം ആയിരത്തിലധികം ഡോസ് വാക്സിൻ വരെ സ്വകാര്യ ആശുപത്രികളിൽനിന്ന് വിതരണം ചെയ്തിരുന്നു. 

ഇപ്പോഴിത് നൂറിൽ താഴെയായി കുറഞ്ഞു. വാക്സിൻ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സംസ്ഥാന സർക്കാരിന് കത്തുനൽകിയിട്ടുണ്ട്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതിനിധികളുമായും ഇക്കാര്യം ചർച്ച ചെയ്തു. എന്നിട്ടും അനുകൂല നിലപാട് ഉണ്ടായിട്ടില്ലെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ. അൻവർ എം. അലി പറഞ്ഞു.

18 വയസ്സിന് താഴെയുള്ളവർക്ക് വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ ഉടൻ തീരുമാനം എടുത്തേക്കുമെന്നും അതിനാൽ വാക്സിൻ തിരിച്ചെടുക്കേണ്ടന്നുമുള്ള നിലപാടിലാണ് ആരോഗ്യവകുപ്പ്.

Related News