പാലക്കാട്: ആളിയാർ ഡാം തമിഴ്നാട് തുറന്നുവിട്ടതിനെ തുടർന്ന് പാലക്കാട്ടെ പുഴകളിൽ ജലനിരപ്പ് ഉയർന്നു. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്. യാക്കര പുഴയിലേക്കും കൂടുതൽ വെള്ളം എത്തിയിട്ടുണ്ട്.
കേരള ജലവിഭവ വകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചിരുന്നുവെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ പാലക്കാട്ടെ ജലവിഭവ വകുപ്പ് അധികൃതരെയും 11.30 ഓടെ ജില്ലാ കളക്ടറെയും വിവരം അറിയിച്ചുവെന്നാണ് തമിഴ്നാട് പറയുന്നത്. ജില്ലാ കളക്ടറേറ്റിൽനിന്ന് വിവരം താഴെത്തട്ടിലേക്ക് പോയിട്ടുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തഹസിൽദാർമാർക്കോ വില്ലേജ് അധികൃതരിലേക്കോ സന്ദേശം എത്തിയില്ല.
രാവിലെ ഏഴിന് മുമ്പുതന്നെ പുഴകളിലേക്ക് വെള്ളം ഒഴുകിയെത്തി തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങൾക്ക് ആദ്യം മനസിലായില്ല. ചിറ്റൂരിലെ മൂലത്തറ റെഗുലേറ്ററിലേക്കാണ് വെള്ളംആദ്യമെത്തിയത്. അവിടെനിന്ന് ചിറ്റൂർ പുഴയിലേക്കും പിന്നീട് പാലക്കാട് നഗരത്തോടു ചേർന്ന തിരുനെല്ലായി പുഴയിലേക്കും എത്തി. തിരുനെല്ലായി പാലത്തിൽ വൻതോതിൽ പായൽ വന്ന് അടിഞ്ഞതിനാൽ പുഴയുടെ തീരത്തുള്ള വീടുകളിലേക്ക് വെള്ളം കയറുമോ എന്ന ആശങ്ക ഉയർന്നു.
ഡാം തുറന്നുവിടുന്നത് സംബന്ധിച്ച ഒരു അറിയിപ്പും കഴിഞ്ഞ ദിവസം ലഭിച്ചിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. പത്ത് ദിവസം മുമ്പാണ് മുന്നറിയിപ്പ് ലഭിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പാലക്കാട് തിരുവാലത്തൂരിൽ ജനങ്ങൾ റോഡ് ഉപരോധിച്ചു. നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിലാണ് ജനങ്ങൾ അര മണിക്കൂറോളം പാലത്തിൽ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചത്. പ്രതിഷേധക്കാരെ പോലീസ് പിന്നീട് ബലം പ്രയോഗിച്ച് നീക്കി. ജനങ്ങളുടെ സുരക്ഷിതത്വം അധികാരികൾ ഉറപ്പാക്കണമെന്ന് സമരം നടത്തിയ നഗരസഭാ കൗൺസിലർമാർ ആവശ്യപ്പെട്ടു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?