വിവാദങ്ങൾക്കിടെയിൽ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട്

  • 27/11/2021


തിരുവനന്തപുരം: ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത വിഷയത്തിൽ വിവാദം കെട്ടടങ്ങുന്നതിന് മുന്നെ വീണ്ടും സമാന നീക്കവുമായി സർക്കാർ. പോലീസിന് വേണ്ടി ഹെലികോപ്ടർ വാടകയ്ക്ക് എടുക്കാനുള്ള ടെക്നിക്കൽ ബിഡ് തുറക്കാനുള്ള നടപടി തുടങ്ങി. ഡിസംബർ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ബിഡ് തുറന്ന് പരിശോധിക്കും. പുതിയ ഹെലികോപ്റ്റർ മൂന്നുവർഷത്തേക്ക് വാടകയ്ക്കെടുക്കാനാണ് ആലോചന.

ആറു യാത്രക്കാരെ ഉൾക്കൊള്ളുന്ന ഇരട്ട എൻജിൻ ഹെലികോപ്ടറാണ് വാടകയ്ക്ക് എടുക്കുന്നത്. വി.ഐ.പി. സുരക്ഷാ മാനദണ്ഡങ്ങളും എയർആംബുലൻസ് സജ്ജീകരണവുമള്ള ഹെലികോപ്ടറുകൾക്ക് മുൻഗണന നൽകുന്ന തരത്തിലാണ് ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.

നേരത്തെ പവൻഹാൻസ് കമ്പനിയിൽ നിന്ന് ഹെലികോപ്ടർ വാടകയ്ക്ക് എടുത്തത് ധൂർത്തും അനാവശ്യ ചിലവുമാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച വിവാദങ്ങൾ അടങ്ങുന്നതിന് മുന്നെയാണ് അടുത്ത വിവാദത്തിന് തിരികൊളുത്തി വീണ്ടും ഹെലികോപ്റ്റർ വാടയ്ക്ക് എടുക്കുന്നത്. പവൻഹാൻസ് ഹെലികോപ്ടറിന്റെ കരാർ കാലാവധി അവസാനിച്ച് മാസങ്ങൾ കഴിഞ്ഞാണ് അടുത്ത ടെൻഡർ നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്.

ടെൻഡർ വിളിക്കാതെയായിരുന്നു പഴയ ഇടപാട്. കുറഞ്ഞ നിരക്കു വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് മൂന്നിരട്ടി ഉയർന്ന നിരക്കു പറഞ്ഞ പവൻഹാൻസ് കമ്പനിയുടെ ഹെലികോപ്റ്റർ വാടയ്ക്കെടുക്കാനുള്ള തീരുമാനമാണ് വിവാദമായത്. ബെംഗളൂരുവിലെ ചിപ്സൺ ഏവിയേഷൻ ഇതേ തുകയ്ക്ക് മൂന്ന് ഹെലികോപ്റ്ററുകൾ വാടകയ്ക്കു നൽകാമെന്ന് അറിയിച്ചിരുന്ന കാര്യം പുറത്തുവന്നതും വിവാദങ്ങൾക്ക് തിരികൊളുത്തി.

കൊറോണ പ്രതിസന്ധിക്കിടെയാണ് പതിനൊന്ന് സീറ്റുളളള ഇരട്ട എൻജിൻ കോപ്ടർ വാടകയ്ക്ക് എടുത്തത് കഴിഞ്ഞ തവണ വിവാദമായത്. ഇരുപത് മണിക്കൂർ പറത്തൻ 1.44 കോടി രൂപയും കൂടുതലായാൽ മണിക്കൂറിന് 67000രൂപ നിരക്കിലുമായിരുന്നു അന്നത്തെ കരാർ. ഒരു വർഷം കൊണ്ട് 22.21 കോടി രൂപ പവൻഹാൻസിന് വാടക നൽകിയതായുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. പാർക്കിങ് ഫീസ് ഇനത്തിൽ മാത്രം 56.72 ലക്ഷം ചെലവഴിച്ചു.

എന്നാൽ ഇതനുസരിച്ചുള്ള ഉപയോഗം ഉണ്ടായിട്ടുള്ളതായി വ്യക്തമാക്കിയിട്ടുമുണ്ടായിരുന്നില്ല. മാവോയിസ്റ്റ്നീരീക്ഷണം, പ്രളയം പോലുള്ള ദുരന്ത ഘട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹെലികോപ്ടർ വാടകയ്ക്ക എടുത്തിരുന്നത്. എന്നാൽ ഈ സാഹചര്യങ്ങളിലൊന്നും ഹെലികോപ്ടറിന്റെ ഉപയോഗം നടന്നിട്ടില്ല. കേരളം 1.44 കോടി രൂപ പ്രതിമാസ വാടക നൽകി വാടകയ്ക്കെടുക്കുന്ന അതേ സൗകര്യമുള്ള ഹെലികോപ്റ്ററിനു ഛത്തീസ്ഗഡ് സർക്കാർ നൽകിയത് 85 ലക്ഷം രൂപ മാത്രമാണെന്ന വിവരങ്ങളും വിവാദങ്ങൾ കൊഴുപ്പിച്ചു.

ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് ഹെലികോപ്ടർ അനാവശ്യ ചെലവാണെന്ന അഭിപ്രായം നിലനിൽക്കെയാണ് ടെൻഡർ നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.

Related News