വിവാഹപ്രായം 21 ആക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമെന്ന് ഫാത്തിമ തഹ്ലിയ

  • 16/12/2021

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനെട്ടില്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഹരിത മുന്‍ പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 

സ്ത്രീകളാണ് അവര്‍ എപ്പോള്‍ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല. അത് കൊണ്ട് തന്നെ 18നും 20നും ഇടയിലുള്ള പെണ്‍കുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക.  18 മുതല്‍ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നിരോധിച്ചതും വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഫാത്തിമ തഹ്ലിയ അഭിപ്രായപ്പെട്ടു. 

'പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്. ദേശീയ ലോ കമ്മിഷന്റെ കണ്സൽറ്റേഷൻ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ട്'.- അവര്‍ കുറിച്ചു.

Related News