പോത്തന്‍കോട് കൊലക്കേസ്; പ്രതിയെ തിരഞ്ഞ് പോയ വള്ളം മറിഞ്ഞ് പൊലീസുകാരന്‍ മരിച്ചു

  • 18/12/2021

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരക്കി പോയ പൊലീസുകാർ സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരു പൊലീസുകാരൻ മരിച്ചു. തിരുവനന്തപുരം എസ്എപി ക്യാംപിലെ പൊലീസുകാരൻ ആലപ്പുഴ പുന്നപ്ര സ്വദേശി എസ്.ബാലു (27) ആണ് മരിച്ചത്. വർക്കല പണയിൽ കടവ് പാലത്തിനടുത്താണ് വള്ളം മുങ്ങിയത്. 

വർക്കല സിഐ പ്രശാന്തും ബാലുവും പ്രശാന്ത് എന്ന മറ്റൊരു പൊലീസുകാരനുമാണ് വള്ളത്തിലുണ്ടായിരുന്നത്.  സുധീഷ് വധക്കേസ് പ്രതി ഒട്ടകം രാജേഷിനെ തേടിയായിരുന്നു പൊലീസുകാരുടെ യാത്ര. ഇതിനിടെയാണ് വള്ളം മറിഞ്ഞത്. സിഐയും വള്ളത്തിലുണ്ടായിരുന്ന രണ്ടാമത്തെ പൊലീസുകാരനും രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലുള്ള ഈ ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ തെരച്ചിലിന് ശേഷമാണ് ബാലുവിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. മീൻ പിടിക്കാൻ ഉപയോഗിക്കുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. 

വർക്കല ശിവഗിരി ഡ്യൂട്ടിക്കായി എസ്എപി ബറ്റാലിയനിൽനിന്നു നിയോഗിച്ച 50 അംഗ സംഘത്തിൽ ബാലു ഉൾപ്പെടെ 10 പേരെ പ്രതിയെ തിരയാനുളള പൊലീസ് സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. പുന്നപ്ര ആലിശ്ശേരി കാർത്തികയിൽ ഡി.സുരേഷിന്റെയും അനിലാ ദാസിന്റെയും മകനാണ്. സിവിൽ എൻജിനീയറിങ്, ഇക്കണോമിക്സ് ബിരുദധാരിയായ ബാലു അവിവാഹിതനാണ്. ബാലുവിന്റെ നിര്യാണത്തിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അനുശോചനം രേഖപ്പെടുത്തി. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. എസ്എപി ക്യാംപിൽ പൊതുദർശനത്തിനു വച്ച ശേഷമാകും മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുക.

Related News