സംവിധായകന്‍ കെ.എസ് സേതുമാധവന്‍ അന്തരിച്ചു

  • 24/12/2021

ചെന്നൈ: പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന്‍(90) അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നെയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

1931ല്‍ സുബ്രഹ്മണ്യന്‍ ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട്ടാണ് സേതുമാധവന്റെ ജനനം. കെ.രാംനാഥിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രമുഖ സംവിധായകരായ എല്‍.വി.പ്രസാദ്, എ.എസ്.എ. സ്വാമി, സുന്ദര്‍ റാവു തുടങ്ങി നിരവധി സംവിധായകരുടെയൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചു.

അനുഭവങ്ങള്‍ പാളിച്ചകള്‍, ഓപ്പോള്‍,  കന്യാകുമാരി, വേനല്‍കിനാവുകള്‍, ചട്ടക്കാരി, അരനാഴിക നേരം, പണി തീരാത്ത വീട്, ഓടയില്‍ നിന്ന്, സ്ഥാനാര്‍ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. വേനല്‍ക്കിനാവുകള്‍ എന്ന സിനിമയാണ് മലയാളത്തില്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രം.

മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നല്‍കിയ സമഗ്രസംഭാവനയ്ക്ക് 2009ല്‍ ജെ. സി ഡാനിയേല്‍ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സല സേതുമാധവന്‍, മക്കള്‍: സന്തോഷ്, ഉമ.

Related News