റെയില്‍വേ സ്റ്റേഷനില്‍ കോടികളുടെ മയക്കുമരുന്ന് വേട്ട; ലഹരി എത്തിയത് ഫ്രൂട്ട് ജ്യൂസ്, പാനിപ്പൂരി പാക്കറ്റുകളില്‍

  • 26/12/2021

എറണാകുളം: ആലുവ റെയിൽവേ സ്റ്റേഷനിൽ  കോടികളുടെ മയക്കുമരുന്ന് വേട്ട. മൂന്നു കിലോയിലധികം എംഡിഎംഎയുമായി കൊടുങ്ങല്ലൂർ സ്വദേശികളെ എക്സൈസ് ഇന്റലിജൻസ് ഇന്ന് പിടികൂടി. ദില്ലിയിൽ നിന്നും ന്യൂ ഇയർ ഡിജെ പാർട്ടികൾക്കായാണ് ഇവർ മയക്കുമരുന്ന് കടത്തിയത്. കൊടുങ്ങല്ലൂർ സ്വദേശികളായ രാഹുൽ, സൈനുലാബുദ്ദീൻ എന്നിവരിൽ നിന്ന് മൂന്ന് കോടിയിലധികം വിലവരുന്ന എംഡിഎംഎയാണ് പിടികൂടിയത്. 

തൃശൂർ എക്സൈസ് ഇന്റലിജൻസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഫ്രൂട്ട് ജ്യൂസിന്റെയും പാനിപ്പൂരിയുടെയും പാക്കിനുള്ളിൽ നിറച്ചാണ് ഇവർ ദില്ലിയിൽ നിന്നും മംഗള എക്സ്പ്രസ് ട്രെയിനിൽ മയക്കുമരുന്ന് കടത്തിയത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഹാമർ ത്രോ റെക്കോർഡ് ചാമ്പ്യനാണ് പിടിയിലായ രാഹുൽ. പരിശീലനത്തിനെന്ന പേരിലാണ് രാഹുൽ സുഹൃത്തിനൊപ്പം ദില്ലിയിലേക്ക് പോയത്. ന്യൂയർ പാർട്ടികളിൽ വിതരണം ചെയ്യാനായാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പ്രതികളുടെ മൊഴി. ഇവർ നേരത്തെയും ഇത്തരത്തിൽ കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related News