കോവളം സംഭവം: വിദേശികളുമായി ഇടപെടുന്നതിൽ പൊലീസിന് ഇനി പ്രത്യേക പരിശീലനം

  • 03/01/2022

തിരുവനന്തപുരം: കോവളത്തെ സ്വീഡിഷ് പൗരനെ അവഹേളിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊലീസുകാർക്ക് വിദേശികളുമായി ഇടപെടുന്നതിൽ പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാറാണ് ഇക്കാര്യം അറിയിച്ചത്. വിദേശികളോട് പൊലീസിന് മികച്ച സമീപനമാണെന്നും അവരുടെ സുരക്ഷിതത്വം പൊലീസിന്റെ കർത്തവ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.

കോവളത്തെ വിദേശിയ അവഹേളിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്‌ഐ നൽകിയ പരാതി പരിശോധിക്കും. വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിയിൽ തീരുമാനമുണ്ടാകും. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനാലാണ് ഗ്രേഡ് എസ്‌ഐയെ ഉടൻ സസ്‌പെൻറ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ നൽകുന്ന വിശദീകരണം. 

അതേ സമയം, സസ്‌പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്‌ഐ ഷാജി പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ മുഖേന മുഖ്യമന്ത്രിക്ക് പരാതി നൽകി. പുതുവർഷ തലേന്ന് തീരത്ത് മദ്യം കൊണ്ടു പോകരുതെന്ന് നിർദ്ദേശമുണ്ടായിരുന്നുവെന്നും അതുപ്രകാരമുള്ള ഉത്തരവാദിത്വം മാത്രമാണ് താൻ ചെയ്തതെന്നുമാണ് പരാതിയിൽ പറയുന്നത്. 

Related News