ഫോണ്‍ ഉപയോഗിക്കുന്നതില്‍ സംശയം; കരുതിക്കൂട്ടി കൊലപാതകം, ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

  • 03/01/2022

കൊല്ലം∙കൊല്ലം കടയ്ക്കല്‍ കോട്ടപ്പുറം സ്വദേശിനി ജിന്‍സിയെ (25), ഭര്‍ത്താവ് ദീപു (30) കൊലപ്പെടുത്തിയതിന് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്ന് കണ്ടെത്തല്‍. മൊബൈൽ ഫോണിൽ സ്ഥിരം വരുന്ന ഫോൺ കോളുകളെ കുറിച്ചുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. 

ജിന്‍സിയുടെ ഫോണ്‍ ഉപയോഗത്തിലുളള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. കരുതിക്കൂട്ടിയുളള കൊലപാതകത്തിന് ദീപു നേരത്തേയും ശ്രമിച്ചെന്നാണ് ജിന്‍സിയുടെ അമ്മ പറയുന്നത്. വീട്ടില്‍ ആളുളളതിനാല്‍ പലപ്പോഴും ഇത് നടന്നിരുന്നില്ല. നേരത്തേ കഴുത്തുമുറുക്കി കൊലപ്പെടുത്താന്‍‌ ശ്രമിച്ചപ്പോള്‍ കടയ്ക്കല്‍ പൊലീസില്‍ ദീപുവിനെതിരെ ജിന്‍സി പരാതി നല്‍കിയിരുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന് പ്രതി പൊലീസിനു മുൻപാകെ ഉറപ്പുനല്‍കിയതു പ്രകാരം അന്ന് ജിന്‍സിയും വിട്ടുവീഴ്ചയ്ക്ക് തയാറായി. 

പുതുവത്സര ദിനത്തിൽ രാവിലെ ദീപു ജിൻസിയുടെ മാതാവ് ലതയെ ഫോൺ ചെയ്തു ജിൻസി വീട്ടിൽ ഉണ്ടോ എന്ന് തിരക്കിയിരുന്നു. ഇല്ലെന്നു ജോലിക്ക് പോയെന്നും ഉച്ചയോടെ മടങ്ങി വരുമെന്നു ലത ദീപുവിനോട് പറഞ്ഞു. ഉച്ചയോട് കൂടി ദീപു അഞ്ചു വയസുകാരി മകളുമൊത്ത് ബൈക്കിൽ ജീൻസിയുടെ വീട്ടിലെത്തി. 

ഫോൺ വിളികളെ ചൊല്ലിതർക്കം നടക്കുകയും ഫോണിനായി പിടിവലികൂടുകയും ചെയ്തു. എന്നാൽ ജിൻസി തന്റെ ഫോൺ ദീപുവിന് നൽകിയില്ല. തുടർന്ന് മകളെയും കൂട്ടി ദീപു തന്റെ വീട്ടിലേക്ക് പോയി മകളെ വീട്ടിൽ ആക്കിയ ശേഷം വെട്ടുകത്തിയുമായി മടങ്ങിയെത്തി വീടിന് പുറത്ത് നിന്നിരുന്ന ജിൻസിയെ തലയിൽ വെട്ടിവീഴ്ത്തുകയായിരുന്നു. ഇത് കണ്ടു തടസം പിടിക്കാൻ ഓടിയെത്തിയ ഏഴു വയസ്സുകാരൻ മകനെ ഇയാള്‍ തൂക്കി എടുത്തെറിഞ്ഞു. വെട്ടേറ്റ ജിൻസി ഓടാൻ ശ്രമിച്ചെങ്കിലും അടുക്കളയുടെ ഭാഗത്ത് വീണു. 

പ്രദേശത്ത് ജനവാസം കുറവാണ്. ഇവരുടെ ഏഴു വയസ്സുള്ള മകൻ നീരജ് സഹായം ആവശ്യപ്പെട്ട് ഒരു കിലോമീറ്റർ അകലയുളള കടയിലെത്തി വിവരം പറഞ്ഞു. ആൾക്കാർ എത്തുമ്പോഴേക്കും ദീപു അവിടെ നിന്നും രക്ഷപ്പെട്ടു പോയിരുന്നു. അടുത്തുള്ളവർ ഓടിയെത്തി ജിൻസിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോ‍ഴേക്കും മരിച്ചു. ഇരുപത്തിയഞ്ചോളം ആഴത്തിലുളള മുറിവാണ് ജിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത്. 

ആറു മണിയോടെ ദീപു സ്റ്റേഷനിൽ എത്തി കീഴടങ്ങി.  പ്രതി ദീപുവിനെ ക്യത്യസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി.ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു പ്രതിയെ കോടതിയിൽ ഹാജരാക്കിയ പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പരേതനായ പുഷ്പന്റെയും കോട്ടപ്പുറം കശുവണ്ടി ഫാക്ടറി തൊഴിലാളി ലതയുടെയും ഏക മകളാണ് ജിൻസി. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. 

Related News