പി.ടി. യുടെ ചിതാഭസ്മം അമ്മയുടെ കല്ലറയിലേക്ക്; മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുതെന്ന് ഇടുക്കി രൂപത

  • 03/01/2022

തൊടുപുഴ: അന്തരിച്ച കോൺഗ്രസ് നേതാവും എംഎൽഎയുമായ പി.ടി. തോമസിന്റെ ചിതാഭസ്മം അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയിൽ അടക്കുന്നതിനുള്ള ചടങ്ങിന് മാർഗ നിർദേശം നൽകി ഇടുക്കി രൂപത. ദേവാലയത്തിന്റെയും കല്ലറയുടെയും പരിപാവനത കാത്തുസൂക്ഷിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും ഉണ്ടാവരുതെന്നും പ്രാർത്ഥനാപൂർവമായ നിശബ്ദത പുലർത്തണമെന്നുമാണ് വികാരിയച്ചനും പാരീഷ് കൗൺസിലിനും രൂപത നിർദേശം നൽകിയത്. 

തുറന്ന വാഹനത്തിലാണ് ചിതാഭസ്മം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഉപ്പുതോട് സെന്റ് തോമസ് പള്ളിയുടെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പൊതുജനങ്ങൾക്ക് ആദരം അർപ്പിക്കാം. പി ടിയുടെ അവസാനത്തെ ആഗ്രഹപ്രകാരമാണ് ചിതാഭസ്മം അമ്മയുടെ കല്ലറയിൽ അടക്കുന്നത്. ചിതാഭസ്മം വഹിച്ചുകൊണ്ടുളള സ്മൃതി യാത്ര ഇന്ന് രാവിലെ കൊച്ചി പാലാരിവട്ടത്തെ വീട്ടിൽ നിന്ന് തുടങ്ങി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സാന്നിധ്യത്തിൽ കെപിസിസി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ ചിതാഭസ്മം ഏറ്റുവാങ്ങി. വൈകിട്ട് 4ന് ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിലെ പി.ടി. തോമസിന്റെ അമ്മയുടെ കല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും.

Related News