വെളുത്ത കാറിൽ ചീറിപ്പായുന്ന മുഖ്യമന്ത്രി ഇനി പഴയ കാഴ്ച്ച; ഔദ്യോഗിക വാഹനമായി കറുത്ത കാർ തെരഞ്ഞെടുത്ത് പിണറായി വിജയൻ

  • 03/01/2022

വെളുത്ത കാറിൽ ചീറിപ്പായുന്ന മുഖ്യമന്ത്രി പിണറായി വിജയൻ  ഇനി പഴയ കാഴ്ച. പുതുവർഷത്തിൽ തിരുവനന്തപുരത്ത് എത്തിയ ശേഷമുള്ള ആദ്യ യാത്ര മുഖ്യമന്ത്രി പുതിയ കാറിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ പിണറായി വിജയൻറെ കാർ ഒഴികെയുള്ള വാഹനങ്ങൾ വെള്ള നിറമുള്ളവയാണ് വരും ദിവസങ്ങളിൽ ഇവയുടേയും നിറം മാറും. 

സംസ്ഥാനത്തിൻറെ ചരിത്രത്തിൽ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഉപയോഗിച്ചിരുന്നത് വെള്ള നിറമുള്ള വാഹനങ്ങളായിരുന്നു. മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശുപാർശയിലാണ് ഈ നിറം മാറ്റം. രാത്രിയാത്രയ്ക്ക് കൂടുതൽ സുരക്ഷിതവും രാത്രിയിലുള്ള ആക്രമണം തടയാൻ കാറിൻറെ നിറം കറുപ്പാകുന്നതുമാണ് നല്ലതെന്നായിരുന്നു മുൻ പൊലീസ് മേധാവിയുടെ ശുപാർശ. അടുത്തിടെ രണ്ട് തവണയാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടതും പെട്ടന്നുള്ള ഈ കാറുമാറ്റത്തിന് പ്രേരകമായെന്നാണ് വിലയിരുത്തൽ. 

കാറുകൾ വാങ്ങാൻ  പൊലീസിന് സ്‌പെഷ്യൽ ഫണ്ട് അനുവദിച്ചിരുന്നു. കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. ഇതിനായി സെപ്റ്റംബറിൽ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട്  ഉത്തരവും ഇറങ്ങിയിരുന്നു. പുതിയ കാറുകൾ വരുമ്പോൾ നിലവിൽ ഉപയോഗിക്കുന്നവയിൽ രണ്ട് കാറുകൾ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാൽ കാറുകൾ മാറ്റണം എന്നായിരുന്നു സർക്കാരിനോട് പൊലീസ് മേധാവിയുടെ ശുപാർശ. ഈ ശുപാർശയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. 

Related News