വീണ്ടും ഗുണ്ടാ വിളയാട്ടം; വീടുകളില്‍ അതിക്രമിച്ച് കയറി കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണവും പണവും ആവശ്യപ്പെട്ടു

  • 05/01/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. പള്ളിപ്പുറത്ത് നാലംഗസംഘം വീടുകളില്‍ അതിക്രമിച്ച് കയറി പാതിരാത്രി ഭീഷണിമുഴക്കി. കുട്ടികളുടെ കഴുത്തില്‍ കത്തിവെച്ച് സ്വര്‍ണവും പണവും ആവശ്യപ്പെട്ടു. നിരവധി കേസുകളിൽ പ്രതിയായ ഷാനുവാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. പ്രദേശത്തെ നിരവധി വീടുകളില്‍ സംഘം ഭീഷണി മുഴക്കിയതായി പോലീസിന് പരാതി ലഭിച്ചു. മംഗലപുരം പോലീസ് സംഭവത്തില്‍ കേസെടുത്തു. 

മംഗലപുരം സ്വർണ കവർച്ച  കേസിലെ പ്രതിയാണ് ഷാനു. പൊലീസ് അന്വേഷിച്ച് നടക്കുന്നതിനിടെയാണ് ഷാനുവും സംഘവും ആക്രമണം നടത്തിയത്. മൊബൈൽ കടയിൽ കയറി തൊഴിലാളിയെ കുത്തിയ കേസിലാണ് ഷാനുവിനെ പൊലീസ് തിരയുന്നത്. നിരവധി വീടുകളില്‍ ആയുധവുമായി അതിക്രമിച്ച് കയറി സംഘം ഭീഷണിമുഴക്കിയതായാണ് റിപ്പോർട്ട്. ഇതില്‍ രണ്ട് വീട്ടുകാരാണ് മംഗലപുരം പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഒരു വീട്ടില്‍ കയറി അമ്മയുടേയും കുട്ടിയുടേയും കഴുത്തില്‍ കത്തിവെച്ച ശേഷമായിരുന്നു ഷാനവാസിന്റെ നേതൃത്വത്തില്‍ അതിക്രമം നടന്നത്. 

വീടുകളുടെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. വെട്ടുകത്തിയുമായി എത്തി അസഭ്യം പറയുകയും വാതില്‍ തുറക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതി നല്‍കിയ വീട്ടുടമകളില്‍ ഒരാള്‍ പറയുന്നു.

ഗുണ്ട ആക്രമണങ്ങൾ തുടർക്കഥയായതോടെ സംസ്ഥാനത്ത് ഗുണ്ടകളേയും ലഹരി മാഫിയയേയും അമര്‍ച്ച ചെയ്യാൻ പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. എഡിജിപി മനോജ് എബ്രഹാമാണ് പുതിയ സ്ക്വാഡിന്‍റെ നോഡല്‍ ഓഫീസര്‍. എല്ലാ ജില്ലകളിലും സ്ക്വാഡ് ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം. മയക്ക് മരുന്ന് മാഫിയയെ അമര്‍ച്ച ചെയ്യാൻ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സ്വക്വാഡ്. സ്വര്‍ണ്ണകടത്ത് തടയാൻ ക്രൈംബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗം. ഇതിന് പുറമേ ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകളടക്കം പൊലീസ് നിരീക്ഷിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 

ഗുണ്ടകള്‍- ലഹരി മാഫിയ സംഘങ്ങള്‍ എന്നിവരുടെ പ്രവർത്തനം, സാമ്പത്തിക ഇടപാട്, ഇവരുടെ ബന്ധങ്ങള്‍ എന്നിവ പരിശോധിക്കുകയാണ് പുതിയ സംഘത്തിന്റെ ചുമതല. ഗുണ്ടാക്കുടിപ്പകയും കൊലപാതങ്ങളും ഒഴിവാക്കാനായി മുൻകരുതൽ നടപടികള്‍ സ്വീകരിക്കേണ്ടതും പുതിയ സംഘത്തിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ജില്ലകളിലും ഗുണ്ടാ വിരുദ്ധ സ്ക്വാഡുകള്‍ മുമ്പ് പ്രവർത്തിച്ചിരുന്നു. ഇത്തരം സംഘങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികള്‍ ഉയർന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് മേധാവികള്‍ സ്ക്വാഡുകള്‍ പിരിച്ചുവിടുകയായിരുന്നു.

Related News