മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കബളിപ്പിച്ച് 65 പവന്‍ സ്വര്‍ണവും 4 ലക്ഷം രൂപയും തട്ടിയെടുത്തു; മൂന്നംഗ സംഘം പിടിയില്‍

  • 05/01/2022

തൃശ്ശൂര്‍: തൃശ്ശൂില്‍ മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട വീട്ടമ്മയെ കബളിപ്പിച്ച് 65 പവന്‍ സ്വര്‍ണവും നാല് ലക്ഷം രൂപയും തട്ടിയെടുത്ത മൂന്നംഗസംഘം അറസ്റ്റില്‍. കയ്പമംഗലം തായ്നഗര്‍ സ്വദേശി പുതിയവീട്ടില്‍ അബ്ദുല്‍സലാം (24) ചേറ്റുവ ഏങ്ങണ്ടിയൂര്‍ സ്വദേശി അമ്പലത്ത് വീട്ടില്‍ അഷ്റഫ് (53) വാടാനപ്പള്ളി ശാന്തിനഗറില്‍ അമ്പലത്ത് വീട്ടില്‍ റഫീഖ് (31) എന്നിവരാണ് അറസ്റ്റിലായത്. 

നടി ഷംന കാസിമിനെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് മൂവരും. ഭര്‍ത്താവ് വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലുള്‍പ്പെട്ടവരാണിവര്‍. കയ്പമംഗലം കൂരിക്കുഴിയിലുള്ള ഒരു വീട്ടമ്മയെയാണ് സംഘം കബളിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെടുത്തത്. വീട്ടമ്മമാരുടെ നമ്പറിലേക്ക് മനഃപൂര്‍വം മിസ്സ്ഡ് കോള്‍ നല്‍കിയ ശേഷം തിരിച്ചു വിളിക്കുന്നവരോട് മാന്യമായ രീതിയില്‍ സംസാരിച്ച് അടുപ്പം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നതാണ് പ്രതികളുടെ രീതി.

ഡോക്ടറോ എന്‍ജിനീയറോ ആണെന്നാണ് ഇവര്‍ സ്വയം പരിചയപ്പെടത്തുക. പിന്നീട് സംഘത്തിലെ മുതിര്‍ന്നയാള്‍ പിതാവാണെന്നും മറ്റൊരാള്‍ ബന്ധുവാണെന്നും പരിചയപ്പെടുത്തി വീട്ടമ്മയെ വിശ്വസിപ്പിക്കും. അടുപ്പം സ്ഥാപിക്കുന്നതോടെ തിരിച്ചുനല്‍കാമെന്ന് പറഞ്ഞ് പണവും സ്വര്‍ണവും കൈക്കലാക്കിയാണ് തട്ടിപ്പ്. പലതവണയായാണ് കൂരിക്കുഴിയിലെ വീട്ടമ്മയില്‍ നിന്നും ഇവര്‍ 65 പവന്‍ സ്വര്‍ണവും പണവും തട്ടിയെടുത്തത്. ആഭരണങ്ങള്‍ വിവിധ സ്ഥലങ്ങളിലായി പണയംവെച്ച ശേഷം പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് പണം വീതിച്ചെടുക്കുകയായിരുന്നു. പണവും സ്വര്‍ണവും തിരികെ ലഭിക്കാതായതോടെ കൂരിക്കുഴിയിലെ വീട്ടമ്മ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. 

പലസ്ഥലങ്ങളിലും ഇവര്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. നാണക്കേട് ഭയന്ന് പല വീട്ടമ്മമാരും പരാതി നല്‍കാതിരുന്നത് പ്രതികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. അറസ്റ്റിലായ മൂന്ന് പ്രതികൾക്കും കാട്ടൂർ, വലപ്പാട്, വാടാനപ്പള്ളി, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു.   

Related News