എല്ലാ നിയമവശങ്ങളും പരിശോധിക്കും; ലോകായുക്ത ഓർഡിനൻസിൽ ധൃതിപിടിച്ച് ഗവർണർ ഒപ്പിടില്ല

  • 27/01/2022

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ എല്ലാ നിയമവശങ്ങളും പരിശോധിക്കും. വിഷയത്തിൽ നിയമോപദേശം അടക്കം തേടിയേക്കും. അതിന് ശേഷമേ ഓർഡിനൻസിൽ ഒപ്പുവെക്കുന്ന കാര്യം ഗവർണർ ആലോചിക്കൂ. അതിനാൽ തന്നെ ഇക്കാര്യത്തിൽ ഗവർണറുടെ തീരുമാനം വൈകിയേക്കും. 

ഈമാസം 19ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ച കേരളാ ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ഭേദഗതി വിവാദമായതിന് പുറമേ, ഭേദഗതി വരുത്തുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷത്ത് നിന്ന് അടക്കം നിരവധി പരാതികൾ ഗവർണർക്ക് ലഭിച്ചിരുന്നു. ഇക്കാര്യമെല്ലാം കണക്കിലെടുത്താണ് വിശദമായ പരിശോധനക്ക് ശേഷം നിലപാട് എടുത്താൽ മതിയെന്ന് ഗവർണർ തീരുമാനിച്ചത്. 

വിഷയത്തിൽ നിയമവശങ്ങളടക്കം ഗവർണർ വിശദമായി പരിശോധിക്കും. ഒരുപക്ഷേ നിയമോപദേശം തേടാനും സാധ്യതയുണ്ട്. ഇന്ന് ലക്ഷദ്വീപിലേക്ക് പോകുന്ന ഗവർണർ തലസ്ഥാനത്ത് മടങ്ങി എത്തിയശേഷം അടുത്താഴ്ച മാത്രമേ വിഷയം പരിശോധിക്കാൻ സാധ്യയുള്ളൂ. അതുകൊണ്ട് തന്നെ ഗവർണറുടെ തീരുമാനം വൈകാനാണ് സാധ്യത.

Related News