ലോകായുക്ത ഭേദഗതി മുഖ്യമന്ത്രിയെ രക്ഷിക്കാൻ: വി.ഡി സതീശൻ

  • 28/01/2022

തിരുവനന്തപുരം: ലോകായുക്ത നിയമത്തിൽ ഭേദഗതി കൊണ്ടുവരാനുള്ള സർക്കാർ നീക്കം മുഖ്യമന്ത്രിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 2019ൽ എഴുതിയ ലേഖനത്തിൽ പല്ലും നഖവുമുള്ള കാവൽ നായയാണ് ലോകായുക്ത എന്നാണ് മുഖ്യമന്ത്രി നിയമത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. എന്നാൽ 2022ൽ തനിക്കെതിരേ കേസ് വന്നപ്പോൾ ഇതിന് മാറ്റമുണ്ടായി. ലോകായുക്തയുടെ പല്ല് പറിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നു. അധികാരം കിട്ടിയപ്പോൾ എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് ഭേദഗതി കൊണ്ടുവരാനുള്ള നീക്കമെന്നും വി.ഡി സതീശൻ ആരോപിച്ചു. 

ഫെബ്രുവരി നാലിന് മുഖ്യമന്ത്രിക്കെതിരായ കേസും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരായ കേസും ലോകായുക്തയിൽ വരികയാണ്. അതിന് മുൻപായി 22 വർഷമായി നിലനിൽക്കുന്ന ലോകായുക്ത നിയമം ഓർഡിനൻസ് കൊണ്ടുവന്ന് ഭേദഗതി വരുത്താനുള്ള നീക്കം കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രമാണ്. 22 വർഷമായി എൽഡിഎഫ് മുന്നോട്ടുവെയ്ക്കാത്ത ലോകായുക്തയിലെ ഭരണഘടനാ വിരുദ്ധത എന്ന വാദം മുഖ്യമന്ത്രിക്കെതിരായ കേസ് വന്നപ്പോൾ മാത്രമാണ് അവർ ഉന്നയിക്കുന്നത്. കേസിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്തരമൊരു നീക്കമെന്ന് വളരെ വ്യക്തമാണ്. 

നിയമസഭ പാസാക്കിയ ഒരു നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാൻ യോഗ്യതയുള്ള ഏക അധികാരം കോടതിക്ക് മാത്രമാണ്. അത് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലോകായുക്തയെ ദുർബലപ്പെടുത്താനുള്ള നീക്കത്തിൽ പാർട്ടി സെക്രട്ടറിയും മന്ത്രിമാരും ഉന്നയിക്കുന്ന വാദങ്ങൾ വെറും ന്യായീകരണം മാത്രമാണ്. വാദങ്ങൾക്കൊന്നും യാതൊരു വിധത്തിലുള്ള അടിത്തറയുമില്ല. ഓർഡിനൻസ് കൊണ്ടുവരുന്നതിലെ ദുരൂഹത ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ തന്നെ ഉയർത്തിയിട്ടുണ്ട്. ആദ്യം കോടിയേരി ബാലകൃഷ്ണനും പാർട്ടിയും കാനം രാജേന്ദ്രനും സിപിഐക്കും മറുപടി കൊടുക്കട്ടേയെന്നും വി.ഡി സതീശൻ പറഞ്ഞു.

Related News