പുറംനാട്ടിൽനിന്നുള്ള വിവാഹവിലക്ക് നീക്കി; ഏറ്റുമാനൂർ പെണ്ണിന് കാന്തല്ലൂരുകാരൻ കാന്തൻ, ചരിത്ര തീരുമാനം

  • 28/01/2022

മറയൂർ: അഞ്ചുനാട്ടിലെ കാന്തല്ലൂർ ഗ്രാമത്തിലേക്ക് ഇനി പുറംനാട്ടിൽനിന്ന് വധുക്കളെത്തും. പുറത്തുനിന്ന് വിവാഹം കഴിക്കാൻ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന വിലക്ക് കാന്തല്ലൂർ നീക്കി. സ്ത്രീകളുടെ എണ്ണം ഗ്രാമത്തിൽ ഗണ്യമായി കുറഞ്ഞ്, വധുവിനെ കിട്ടാതെ വന്നതോടെയാണിത്. ഇത്തരത്തിൽ ആദ്യ വിവാഹവും നടന്നു.

കഴിഞ്ഞദിവസം ഗ്രാമത്തിലെ യുവാവ് ഏറ്റുമാനൂരിൽനിന്നുള്ള യുവതിയെ താലികെട്ടി. ഗ്രാമക്കാർ മുഴുവനും കല്യാണത്തിൽ പങ്കെടുത്തു. 100 രൂപ ഗ്രാമ കമ്മിറ്റിക്ക് വരിപ്പണമായി നൽകുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു വിവാഹം. മുൻപ് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവർക്ക് ഗ്രാമം വിലക്ക് കല്പിച്ചിരുന്നു. അഞ്ചുനാട്ടിലെ മറ്റു നാല് ഗ്രാമങ്ങളിലും വിലക്ക് നിലനിൽക്കുന്നുണ്ട്.

കാന്തല്ലൂർ കൂടാതെ മറയൂർ, കാരയൂർ, കീഴാന്തൂർ, തമിഴ്‌നാട് അതിർത്തിയിലെ കൊട്ടക്കുടി എന്നിവയാണ് അഞ്ചുനാടൻ ഗ്രാമങ്ങൾ. ഇവർ നൂറ്റാണ്ടുകളായി ഈ അഞ്ച് ഗ്രാമങ്ങളിൽനിന്ന് മാത്രമേ വിവാഹം കഴിക്കൂ. മുറ നോക്കിയാണ് (സഹോദരസ്ഥാനം വരില്ല എന്നുറപ്പുവരുത്തി) വിവാഹം. പുറത്തുനിന്ന് വിവാഹം കഴിച്ചാൽ വിലക്കേർപ്പെടുത്തും. ഗ്രാമത്തിനുള്ളിൽ താമസിക്കാനും കഴിയില്ല.

ഇപ്പോൾ ഗ്രാമങ്ങളിൽ അഞ്ച് പുരുഷൻമാർക്ക് രണ്ട് സ്ത്രീകളെന്ന നിലയിലാണ് അനുപാതം. ഇതിൽത്തന്നെ പലരും സഹോദരങ്ങൾ. ഇതോടെ പുരുഷൻമാർക്ക് പെണ്ണ് കിട്ടാതായി. അഞ്ചുവർഷം മുൻപ് കാന്തല്ലൂരിലെ യുവാക്കൾ ഇക്കാര്യം ഉന്നയിച്ച് അപേക്ഷ നൽകി. പുറംനാട്ടിൽനിന്ന് വിവാഹം കഴിക്കാൻ അനുവദിക്കണം എന്നായിരുന്നു അപേക്ഷ. നൂറ്റാണ്ടുകളായുള്ള ആചാരമായതിനാൽ അന്ന് തീരുമാനമുണ്ടായില്ല. എന്നാൽ, ചർച്ചകൾ നടന്നു. തുടർന്ന് ആവശ്യം ന്യായമാണെന്ന് കണ്ടതോടെ ഗ്രാമ കമ്മിറ്റി ഐകകണ്‌ഠ്യേന സമ്മതം നൽകുകയായിരുന്നു.

Related News