പരിശോധനയ്ക്കയച്ച ഫോണുകൾ ഇന്ന് തിരിച്ചെത്തും; തിങ്കളാഴ്ച കോടതിക്ക് കൈമാറുമെന്ന് ദിലീപ്

  • 30/01/2022

കൊച്ചി: ഹൈക്കോടതി ഉത്തരവ് പ്രകാരം നടൻ ദിലീപിന്റെ ഫോണുകൾ കോടതിക്ക് കൈമാറുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ. രണ്ട് ഫോണുകൾ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. ഇവ വൈകിട്ടോടെ തിരിച്ചെത്തും. ആറ് ഫോണുകളും കോടതി ആവശ്യപ്പെട്ടതുപോലെ തിങ്കളാഴ്ച മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കുമെന്നും അഭിഭാഷകൻ വ്യക്തമാക്കി.

നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികളായ നടൻ ദിലീപ് അടക്കമുള്ളവരുടെ മൊബൈൽ ഫോണുകൾ തിങ്കളാഴ്ച 10.15-ന് മുൻപ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരൻ അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും സഹോദരീഭർത്താവ് ടി.എൻ. സൂരജ് ഉപയോഗിച്ചിരുന്ന ഒരു ഫോണുമാണ് മുദ്രവെച്ച പെട്ടിയിൽ കൈമാറേണ്ടത്.

മൊബൈലുകൾ കൈമാറണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തെ അവസാനനിമിഷംവരെ ദിലീപ് എതിർത്തിരുന്നു. ഫോൺ കൈമാറാൻ തയ്യാറല്ലെങ്കിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നൽകിയിരിക്കുന്ന സംരക്ഷണം റദ്ദാക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചു. മൊബൈലുകൾ കൈമാറിയാൽ നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് വ്യാജ തെളിവ് ഉണ്ടാക്കുമെന്നതടക്കമുള്ള വാദങ്ങൾ ദിലീപ് ഉന്നയിച്ചെങ്കിലും കോടതി തള്ളി.

Related News