അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാർ തന്നെയാണ് കേസ് നടത്തുന്നതെന്ന് നടൻ മമ്മൂട്ടിയുടെ ഓഫീസ്. കുടുംബത്തിന് ആവശ്യമായ നിയമോപദേശസഹായമോ, അവർ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആണ് മമ്മൂട്ടി ലഭ്യമാക്കുകയെന്നും നടന്റെ പിആർഒ റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു. വിഷയത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുമെന്ന് നിയമമന്ത്രി പി രാജീവ് മമ്മൂട്ടിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും പിആർഒ അറിയിച്ചു.
മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞയുടൻ തന്നെ മമ്മൂട്ടിയുടെ നിർദേശപ്രകാരം മധുവിന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് റോബർട്ട് പറഞ്ഞു. ഒരു കാലതാമസവും വരാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചുകൊടുക്കണമെന്നായിരുന്നു അദ്ദേഹം എനിക്ക് തന്ന കർശന നിർദേശം. സംസ്ഥാന നിയമമന്ത്രി പി രാജീവിനെയും അദ്ദേഹം അന്നുതന്നെ ബന്ധപ്പെട്ടിരുന്നു. പ്രഗത്ഭനായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകുകയും ചെയ്തു. വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടുമെന്ന ഉറപ്പും മന്ത്രി നൽകിയെന്നും റോബർട്ട് അറിയിച്ചു.
സർക്കാരിൽനിന്ന് ഉറപ്പ് ലഭിച്ച വിവരം മധുവിന്റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്റെ സേവനം പൂർണമായി ഉപയോഗപ്പെടുാനുള്ള തീരുമാനം അവർ ഞങ്ങളെ അറിയിക്കുകയുണ്ടായി. തുടർന്ന്, നിയമസഹായം ഭാവിയിൽ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നതിനനുസരിച്ച് ലഭ്യമാക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. കുടുംബത്തിന് ആവശ്യമായ നിയമോപദേശം ലഭ്യമാക്കാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ. നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മധുവിന്റെ കുടുംബത്തിനും അല്ലെങ്കിൽ മധുവിനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന നിയമോപദേശം നൽകുകയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമെന്നും റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിൽ സൂചിപ്പിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?