പുലികൾക്ക് മാനിനെക്കാൾ പ്രിയം നായ്ക്കളോട്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

  • 02/02/2022

തൃശൂര്‍: കാട്ടുപന്നിയും മയിലും പാമ്ബും കാട്ടാനകള്‍ക്കും പിന്നാലെ മലയോരമേഖലകളിലെ കൃഷിയിടങ്ങളില്‍ വ്യാപകമായി പുലികള്‍ ഇറങ്ങുന്നതിന്റെ കാരണങ്ങളിലൊന്ന് തെരുവുനായ്ക്കളാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും മൃഗഡോക്ടര്‍മാരുടെയും നിഗമനം.


ആട്, പശുക്കുട്ടി തുടങ്ങിയ വളര്‍ത്തുമൃഗങ്ങളേക്കാള്‍ പുലികള്‍ക്ക് ഏറെ പ്രിയം നായ്ക്കളെയാണ്. വളര്‍ത്തുനായ്ക്കളുള്ള വീടുകളിലേക്കും പുലി വരുന്നതായി നിരവധി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞദിവസം കറുകുറ്റി മേഖലയില്‍ രാത്രിസമയത്ത് പുലി വളര്‍ത്തുനായയെ ഓടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു.

ഏതാനും വര്‍ഷമായി പുലികള്‍ കൂടുതലായി കാടിറങ്ങിത്തുടങ്ങിയിട്ട്. മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങളില്‍ അവരറിയാതെ ഒളിച്ചുകഴിയാനുളള കഴിവ് പുലികള്‍ക്കുണ്ടെന്ന് പറയുന്നു. മലയോരങ്ങളിലെ കുറ്റിക്കാടുകളാണ് പുലികളുടെ ആവാസകേന്ദ്രം. എണ്ണം കൂടിയതോടെ പുലികള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് കൂടുതലായെത്തി തുടങ്ങി. മറ്റുശല്യമില്ലാത്തതും ഇരകള്‍ ധാരാളമുള്ളതുമായ പ്രദേശങ്ങളാണ് പുലികള്‍ക്ക് പ്രിയം. അത്തരം സ്ഥലങ്ങളിലാണ് അവ പ്രസവിക്കുന്നതെന്നും പറയുന്നു. അതിരപ്പിളളി, മലക്കപ്പാറ, ചിമ്മിനി, പീച്ചി, വാഴാനി തുടങ്ങി പശ്ചിമഘട്ടത്തിന്റെ താഴ് വാരങ്ങളിലെല്ലാം പുലിശല്യം കൂടുന്നുണ്ടെന്നാണ് അധികൃതരുടെ നിഗമനം.

വനംവകുപ്പ് എല്ലാ ജില്ലകളിലുമായി 17 മൃഗഡോക്ടര്‍മാരെ അടുത്തിടെ നിയമിച്ചതും വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം കൂടി കണക്കിലെടുത്താണ്. കാടിറങ്ങുന്ന മൃഗങ്ങളെ പരിപാലിക്കാനും സംരക്ഷിക്കാനുമുള്ള കൂടും പരിചരണ സംവിധാനങ്ങളും ബന്ധപ്പെട്ട മേഖലകളില്‍ ഉടന്‍ സജ്ജമാക്കും. പരിക്കുപറ്റുന്ന വന്യമൃഗങ്ങളെ പരിചരിച്ചശേഷം കാട്ടില്‍ വിടാനാകും.

Related News