കേന്ദ്രം നിർദേശിച്ചാൽ ഡിപിആറിൽ മാറ്റം വരുത്താം; നിലപാടറിയിച്ച് കെ-റെയിൽ എംഡി, പരിഹസിച്ച് പ്രതിപക്ഷം

  • 03/02/2022

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദേശിച്ചാൽ സിൽവർലൈൻ പദ്ധതിയുടെ വിശദപദ്ധതിരേഖയിൽ മാറ്റം വരുത്താമെന്ന് കെ-റെയിൽ എംഡി വി.അജിത് കുമാർ. സാമൂഹിക ആഘാത പഠനം ഉടൻ പൂർത്തികീരിക്കും. റെയിൽവേയുമായി ചേർന്ന് സാങ്കിതക-പ്രായോഗികത പരിശോധനകൾ ആരംഭിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. റെയിൽ മന്ത്രാലയമോ കേന്ദ്ര ധനകാര്യ മന്ത്രാലയമോ നിർദേശിക്കുകയാണെങ്കിൽ ഡിപിആറിൽ മാറ്റങ്ങൾ ഉണ്ടാക്കിയേ പറ്റൂവെന്നും കെ റെയിൽ എംഡി കൂട്ടിച്ചേർത്തു.

സിൽവർലൈൻ പദ്ധതിയുടെ ഡി.പി.ആർ പൂർണമല്ലെന്നും സാങ്കേതികമായ പ്രായോഗികത സംബന്ധിച്ചു വേണ്ടത്ര വിവരങ്ങൾ അതിലില്ലെന്നും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാങ്കേതികവിവരങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിക്കാൻ കെ-റെയിൽ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ബുധനാഴ്ച ലോക്‌സഭയിൽ അറിയിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് പ്രതികരണം നടത്തുകയായിരുന്നു കെ റെയിൽ എംഡി. എന്നാൽ സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമാനുമതി ലഭിച്ചതായി എവിടെയും പറഞ്ഞിട്ടില്ലെന്ന് കെ-റെയിൽ അധികൃതർ വിശദീകരിക്കുന്നത്.

അതേ സമയം എന്താണ് സംസ്ഥാന സർക്കാരും കെ-റെയിയിലും ഡിപിആർ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. ഒരു പദ്ധതിയുടെ ഡിപിആർ എന്ന് പറഞ്ഞാൽ അതിന്റെ സമ്പൂർണ്ണ വിശദ വിവരങ്ങളാണ്. ഏറ്റവും നിസാരമായ കാര്യങ്ങൾ പോലും അതിൽ ഉൾക്കൊള്ളിക്കേണ്ടതുണ്ട്. സാങ്കേതിക വിവരങ്ങളില്ല. സാമൂഹിക-പരിസ്ഥിതി ആഘാത പഠനങ്ങളില്ല. ഒരു സർവേ നടത്തിയിട്ടില്ല. എസ്റ്റിമേറ്റ് നടത്തിയിട്ടില്ല. പിന്നെ ഇതിന് ആരാണ് ഡിപിആർ എന്ന് പേരിട്ടതെന്നും സതീശൻ പരിഹസിച്ചു. ആരെ പറ്റിക്കാനാണ് ഇവർ ഇത് തട്ടിക്കൂട്ടിയതെന്നും അദ്ദേഹം ചോദിച്ചു.

Related News