റോഷ്‌നിയുടെ മുമ്പിൽ ഏതു പാമ്പും'പത്തിമടക്കും'; താരമായി മാറി വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ

  • 03/02/2022

കാട്ടാക്കട: പാമ്പുകളെ പിടികൂടി താരമായി മാറി വനം വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്‌നി. ഇന്നലെ വെള്ളനാട് പുനലാൽ ഐസക്കിൻറെ വീട്ടുവളപ്പിൽ നിന്ന് റോഷ്‌നി മൂർഖനെ പിടികൂടി. ബുധനാഴ്ച ഉച്ചക്ക് 12ന് മൂർഖനെ കണ്ട വിവരം പരുത്തിപ്പള്ളി റേഞ്ച്ഓഫീസിൽ ലഭിച്ചപ്പോൾ തന്നെ റാപ്പിഡ് റെസ്‌പോൺസ് ടീം ബീറ്റ് ഫോറസ്റ്റ് ഓഫീസർ റോഷ്‌നി സ്ഥലത്തു എത്തി പാമ്പിനെ പിടികൂടി വനം വകുപ്പ് പരുത്തിപ്പള്ളി ആസ്ഥാനത്തു എത്തിക്കുകയായിരുന്നു. പൊത്തിൽ ഒളിച്ച പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ മണ്ണ് മാറ്റിശേഷം സ്‌നേക്ക് ഹുക്ക് സ്റ്റിക്ക് ഉപയോഗിച്ച് പാമ്പിനെ സഞ്ചിയിലാക്കുകയായിരുന്നു.

പിടികൂടിയ പാമ്പിനെ രാത്രിയോടെ വനത്തിനുള്ളിൽ വിട്ടു. പാമ്പുകളെ കണ്ടാൽ വനം വകുപ്പിൽ അറിയിച്ചാൽ അപ്പോൾ തന്നെ ലൈസൻസ് നൽകിയിട്ടുള്ള റെസ്‌ക്യൂർമാർ സ്ഥലത്ത് എത്തി പിടികൂടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏതെങ്കിലും രീതിയിൽ പാമ്പുകളെ മുറിവേൽപ്പിക്കുകയോ കൊല്ലുകയോ ചെയ്താൽ അത് കുറ്റകരമെന്നും അവർ വ്യക്തമാക്കി.

രണ്ടായിരത്തി പതിനേഴിൽ വനം വകുപ്പിൽ ജോലിക്ക് കയറിയ റോഷിനി രണ്ടായിരത്തി പത്തൊൻപതിലാണ് പാമ്പു പിടിത്തം അഭ്യസിച്ചത്. എക്കോ ടൂറിസത്തിൽ ആയിരുന്നു ആദ്യം ചുമതല. മൂന്നു മാസം മുമ്പാണ് തിരുവനന്തപുരം റാപിഡ് റെസ്‌പോൺസ് ടീം അംഗമായി പരുത്തിപ്പള്ളിയിൽ എത്തിയത്. അണലി ഉൾപ്പടെ ചുരുക്കം ചില പാമ്പുകളെ മാത്രമേ പിടിച്ചിട്ടുള്ളു എങ്കിലും പാമ്പുകളുടെ മറ്റു ഭാഗങ്ങളിൽ സ്പർശിക്കാതെ അവയെ വേദനിപ്പിക്കാതെ സുരക്ഷ മുൻനിർത്തിയാണ് പിടികൂടുന്നതെന്ന് റോഷിനി പറഞ്ഞു.

വനംവകുപ്പിൻറെ അംഗീകൃത ലൈസൻസ് നേടിയവർ മാത്രമേ പാമ്പിനെ പിടിക്കാവൂ എന്നും പൊതു ജനങ്ങൾക്ക് വിവരം അറിയിക്കാൻ സ്‌നേക്ക് എവയർനെസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ് സർപ്പ എന്ന ആപ്പും വനം വകുപ്പിൻറെതായിയുണ്ടെന്ന് എസ്എഫ്ഓ ഗംഗാധരൻ കാണി പറഞ്ഞു. ജോലിക്ക് പ്രവേശിക്കുന്നതിന് മുൻപ് ദൂരദർശനിലും, ഓൾ ഇന്ത്യ റേഡിയോയിലും പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുള്ള റോഷിനി ദൂരദർശനിൽ ചില പ്രോഗ്രാമുകൾ അവതരിപ്പിക്കുന്നുണ്ട്. ആര്യനാട് കുളപ്പട സരോവരത്തിൽ സഹകരണ വകുപ്പ് സീനിയർ ഇൻസ്‌പെക്ടർ എസ്.എസ്. സജിത്ത് കുമാറാണ് റോഷിണിയുടെ ഭർത്താവ്.മക്കൾ ദേവ നാരായണൻ,സൂര്യനാരായണൻ .

Related News